പ്രേം നസീർ സ്വന്തം നാട്ടിൽ നിർമ്മിച്ച വായനാശാലയ്ക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടു

#

ചിറയിൻകീഴ് (10.02.2018) : പ്രേംനസീറിന്റെ നാട്ടിൽ അദ്ദേഹം നിർമ്മിച്ച നിർമ്മിച്ച വായനശാല ഇന്ന് പുലർച്ചെ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. വർഷങ്ങൾ പഴക്കമുള്ള ആയിരക്കണക്കിന് പുസ്‍തകങ്ങളുടെ അപൂർവ്വശേഖരം ഉൾപ്പെടെ വായനശാലയിൽ ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന പുസ്തകങ്ങൾ കത്തിനശിച്ചു. തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന സ്പോർട്സ് ക്ലബ്ബിന്റെ ഉപകരണങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. 1958ൽ നസീർ തന്നെയായിരുന്നു വായനശാലയ്ക്ക് തറക്കല്ലിട്ടത്.

പ്രേംനസീറിന്റെ മരണശേഷം ജൻമനാട്ടിൻ സ്മാരകം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇത് വരെ നടപ്പായിട്ടില്ല. നാടിന്റെ വികസനത്തിനായി പ്രേം നസീർ നിർമ്മിച്ച് നൽകിയ ഈ വായനശാലയും, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ എക്സ് റേ യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടവും പൊളിഞ്ഞ് വീഴാറായ അവസ്ഥയിൽ നിൽക്കുമ്പോഴാണ് സാമൂഹ്യ വിരുദ്ധർ ഈ അതിക്രമം കാട്ടിയത്. ഈ കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയിൽ തന്നെ ഡിജിറ്റൽ ലൈബ്രറിയും, ഡിജിറ്റൽ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വായനശാല തീയിട്ടു നശിപ്പിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും പ്രേം നസീർ അനുസ്മരണ കമ്മിറ്റി ചെയർമാനുമായ ആർ.സുഭാഷും സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അൻവർ ഷായും ആവശ്യപ്പെട്ടു. ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.