ചിരിക്കുന്ന, ബിയർ കുടിക്കുന്ന സ്ത്രീയെ ഭയക്കുന്നതാര് ?

#

(10.02.2018) : സ്ത്രീ ഉറക്കെ ചിരിക്കുന്നത് സഹിക്കാനാകാത്തവർ ഇന്നും നമ്മുടെ രാജ്യത്തുണ്ട്. അധികാരത്തിന്റെ മുകൾത്തട്ടിൽ ഇരിക്കുന്നവർ ആ ധാരണ പങ്ക് വയ്ക്കുന്നവരാണ് എന്നത് രാജ്യത്തിന്റെ അവസ്ഥ എത്ര ഭീതിജനകമാണെന്ന് ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേട്ട് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രേണുകാ ചൗധരി പൊട്ടിച്ചിരിച്ചത് പ്രധാനമന്ത്രിയെ അസ്വസ്ഥനാക്കി. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്നുണ്ടാകാൻ പാടില്ലാത്ത തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനുശേഷം കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ രേണുകാ ചൗധരിയെ അധിക്ഷേപിക്കാൻ തുടങ്ങി. സ്ത്രീവിരുദ്ധത മാത്രമല്ല, കറ തീർന്ന വംശവെറിയും ആ ആക്ഷേപങ്ങളിൽ അടങ്ങിയിരുന്നു. രാമായണം സീരിയൽ കഴിഞ്ഞതിനുശേഷം അതുപോലെ ഒരു ചിരി കാണാൻ കഴിഞ്ഞത് ഇപ്പോഴാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ശൂർപ്പണഖയുടെ ചിരിയെക്കുറിച്ചാണ് മോദി സൂചിപ്പിച്ചതെന്ന്, ഇനി ആർക്കെങ്കിലും അത് മനസ്സിലായില്ലെങ്കിൽ മനസ്സിലായിക്കോട്ടെ എന്ന തരത്തിൽ, രാമായണം സീരിയലിൽ ശൂർപ്പണഖ ചിരിക്കുന്നതിന്റെ ചിത്രസഹിതമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു, രേണുകാ ചൗധരിയെ അധിക്ഷേപിച്ചത്.

രേണുകാ ചൗധരിയുടെ ചിരിയാണ് പ്രധാനമന്ത്രിയെയും ബി.ജെ.പി നേതാക്കളെയും അസ്വസ്ഥരും കുപിതരുമാക്കിയതെങ്കിൽ, പെൺകുട്ടികൾ ബിയർ കുടിക്കുന്നതാണ് ഗോവാ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർ പരീക്കറെ അസ്വസ്ഥനും ഉത്കണ്ഠാകുലനുമാക്കിയത്. സംഗതികൾ സഹിക്കാവുന്ന പരിധി കഴിഞ്ഞു പോകുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആൺകുട്ടികൾ മദ്യപിക്കുന്നതിൽ അദ്ദേഹത്തിന് ഇതേ ഉത്കണ്ഠയുള്ളതായി തോന്നിയില്ല. ഒരു സാമൂഹ്യപ്രശ്നം എന്ന നിലയിൽ അമിതമദ്യപാനം എന്ന പ്രശ്നം ഉന്നയിക്കുകയായിരുന്നു ഉദ്ദേശ്യമെങ്കിൽ പെൺകുട്ടികളുടെ ബിയർ കുടിയെക്കുറിച്ചുള്ള വേവലാതിയായി അത് ഒതുങ്ങില്ലായിരുന്നു. ഇവിടെ വിഷയം സദാചാരപരമായ ഉത്കണ്ഠയാണ്. ഗോവയിലെന്നല്ല, ഇന്ത്യയിൽ എവിടെയെങ്കിലും അമിതമദ്യപാനം സ്ത്രീകൾക്കിടയിൽ ഒരു പ്രശ്നമായി മാറിയിട്ടുണ്ട് എന്നതിന്റെ ഒരു സൂചനയും ലഭ്യമല്ല. ഇന്ത്യയിൽ മദ്യപിക്കുന്ന സ്ത്രീകൾ പൊതുവേ വളരെ കുറവാണ്. അത്യപൂർവ്വമായി ചില നഗരങ്ങളിൽ മാത്രമാണ് മദ്യവില്പനശാലകളിൽ മദ്യം വാങ്ങാനെത്തുന്ന സ്ത്രീകളെ കാണാൻ കഴിയുക. അതാണ്‌ മദ്യശാലകളിലെയും സ്ഥിതി. ഉത്തരവാദിത്വത്തോടെയുള്ള മദ്യപാനത്തിൽ മാതൃക കാട്ടുന്നവരാണ് നമ്മുടെ നാട്ടിൽ മദ്യപിക്കുന്ന സ്ത്രീകൾ. പെൺകുട്ടികൾ ബിയർ കഴിക്കുന്നതിനെക്കുറിച്ചുള്ള ഗോവ മുഖ്യമന്ത്രിയുടെ ഉത്കണ്ഠയ്ക്ക് കാരണം അമിത മദ്യപാനം സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ചുള്ള ആശങ്കകളല്ലെന്ന് വ്യക്തം. അച്ചടക്കത്തെയും മര്യാദയെയും കുറിച്ചുള്ള സംഘപരിവാർ ശാസനകൾക്ക് കീഴ്പ്പെട്ട് ജീവിക്കേണ്ട രണ്ടാം തരം പൗരരാണ് സ്ത്രീകൾ എന്ന ധാരണയിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഉണ്ടാകുന്നത്.

അക്രമത്തിലും അധികാരപ്രയോഗത്തിലും അഭിരമിക്കുന്ന പുരുഷാധിപത്യരാഷ്ട്രീയം ഏറ്റവും ഭയക്കുന്നത് ചിരിക്കുന്ന, ആത്മവിശ്വാസമുള്ള സ്ത്രീയെയാണ്. അക്രമാസക്തമായ പുരുഷാധിപത്യ വാസനയെ കെട്ടഴിച്ചുവിടാനാണ് നരേന്ദ്രമോദിയും സംഘപരിവാറും ശ്രമിക്കുന്നത്. ജവാഹർലാൽ നെഹ്രുവിനെതിരെ രൂക്ഷമായ ആക്രമണം നടത്തിയതിനു പിന്നാലെയാണ് രേണുകാചൗധരിയുടെ പൊട്ടിച്ചിരിയിൽ വ്രണിതനായി മോദി അവർക്കെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞത് എന്നത് യാദൃച്ഛികമല്ല. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണം അവതരിപ്പിക്കാനുള്ള ആദ്യശ്രമങ്ങൾ നടത്തിയ നെഹ്രുവിയൻ രാഷ്ട്രീയത്തെ മോദി ഭരണകൂടം മുഖ്യശത്രുവായി കാണുന്നത് സ്വാഭാവികം മാത്രം.

പരമ്പരാഗത വസ്ത്രം ധരിച്ച് , സീമന്തരേഖയിൽ സിന്ദൂരക്കുറിയണിഞ്ഞ് ലജ്ജാവിവശരായി പുരുഷന് പിന്നിലായി അടങ്ങി ഒതുങ്ങി നിൽക്കുന്ന സ്ത്രീയെക്കുറിച്ചുള്ള ഭാവനകളിൽ അഭിരമിയ്ക്കാൻ നരേന്ദ്രമോദിക്കും സംഘപരിവാർ അനുയായികൾക്കും അവകാശമുണ്ട്. പക്ഷേ, ജനാധ്യപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അധികാരസ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് സ്ത്രീകൾക്ക് വിലക്കുകളും നിയന്ത്രണരേഖകളും കല്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും അധികാരമില്ല. അധികാരസ്ഥാനങ്ങളിൽ ഇരുന്ന് ജനതയെ, ഇരുട്ട് പടർന്ന ഭൂതകാലത്തിന്റെ തടവറകളിലേക്ക് തിരിച്ചുകൊണ്ടു പോകാൻ നടത്തുന്ന ശ്രമങ്ങൾക്ക് നേരെയുള്ള എതിർപ്പ് സ്ത്രീകളുടെ മുൻകയ്യിലാകാനാണ് സാധ്യത.