ജമ്മുവില്‍ ഭീകരരുടെ വെടിയേറ്റ ഗര്‍ഭിണി പ്രസവിച്ചു

#

ന്യൂഡല്‍ഹി (12-02-18) : ജമ്മുവിലെ സുംജ്വാനില്‍ ഭീകരാക്രമണത്തില്‍ മുതുകില്‍ വെടിയുണ്ട തറച്ച ഗര്‍ഭിണി പ്രസവിച്ചു. സൈനിക ക്യാമ്പില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഓടി രക്ഷപ്പെടുമ്പോഴാണ് സൈനികന്റെ ഭാര്യയായ ഷാസ്ദയ്ക്ക് വെടിയേറ്റത്. 35 ആഴ്ച ഗര്‍ഭിണിയായിരുന്ന ഷാസ്ദ സൈനിക ആശുപത്രിയില്‍ വച്ചാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

വെടിയുണ്ടയേറ്റ് ധാരളമായി രക്തം വാര്‍ന്ന അവസ്ഥയിലാണ് സൈനികര്‍ ഷാസ്ദയെ സൈനിക ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിന്റെ ഭീതി സൃഷ്ടിച്ച കടുത്ത മാനസികാഘാതവുമുണ്ടായിരുന്നു. ഗൈനക്കോളജിസ്റ്റുകളും ശിശുരോഗവിദഗ്ദ്ധരും ഓര്‍ത്തോപ്പീഡിക് സര്‍ജന്‍മാരും അടങ്ങുന്ന സംഘം വളരെ വേഗത്തില്‍ ഷാസ്ദയുടെ നില ഭദ്രമായ അവസ്ഥയില്‍ എത്തിച്ചു. പിന്നീട് ഭ്രൂണപരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് മറ്റൊരു സംഘം ഡോക്ടര്‍മാര്‍ ഷാസ്ദയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ടയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. ഷാസ്ദയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.