ജോലി ചെയ്‌തേ പറ്റൂ : മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം

#

തിരുവനന്തപുരം (12-02-18) : മന്ത്രിമാര്‍ ആഴ്ചയില്‍ 5 ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുട കര്‍ശന നിര്‍ദ്ദേശം. കാലാവധി പൂർത്തിയാക്കിയ ഓര്‍ഡിനന്‍സുകള്‍ പുതുക്കാൻ ഗവർണറോട് ആവശ്യപ്പെടുന്നതിന് വേണ്ടി ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് ഈ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.ക്വോറം തികയാതിരുന്നതുമൂലം കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ച മന്ത്രിസഭായോഗംചേരാതിരുന്നതില്‍ മുഖ്യമന്ത്രി കടുത്ത അസംതൃപ്തി അറിയിച്ചു. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇ.ചന്ദ്രശേഖരൻ, തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തില്ല.

ആഴ്ചയില്‍ കുറഞ്ഞത് 5 ദിവസം സെക്രട്ടേറിയറ്റില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും പൊതു പരിപാടികളുടെ പേരില്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാര്‍ട്ടി പരിപാടികളിലും പൊതുചടങ്ങുകളിലും പങ്കെടുക്കുന്നതിനു വേണ്ടി മന്ത്രിമാര്‍ കൂടുതല്‍ സമയം ചെലവഴിക്കുകയാണെന്നും ഭരണ കാര്യങ്ങള്‍ക്കു വേണ്ടി സമയം ചെലവാക്കുന്നില്ലെന്നും വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.