മോഹന്‍ ഭാഗവതിന്റെ സൈന്യവിരുദ്ധ പ്രസംഗം ; വിശദീകരണവുമായി ആര്‍.എസ്.എസ്

#

ന്യൂഡല്‍ഹി (12-02-18) : യുദ്ധത്തിന് സജ്ജമാകാന്‍ ഇന്ത്യന്‍ സൈന്യത്തിന് 6 മാസം വേണമെന്നും എന്നാല്‍ ആര്‍.എസ്.എസ്സിന് 3 ദിവസം മാത്രം മതിയെന്നുമുള്ള ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ആര്‍.എസ്.എസ് രംഗത്ത്. ആവശ്യം വന്നാല്‍ സാധാരണ ജനങ്ങളെ യുദ്ധത്തിന് സജ്ജരാക്കാന്‍ സൈന്യത്തിന് 6 മാസം വേണ്ടി വരുമെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകരെ യുദ്ധസജ്ജരാക്കാന്‍ സൈന്യത്തിന് 3 ദിവസം മാത്രം മതിയെന്നുമാണ് മോഹന്‍ ഭാഗവത് പറഞ്ഞതെന്നും പറഞ്ഞ കാര്യങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നുവെന്നുമാണ് ആര്‍.എസ്.എസ്സിന്റെ വിശദീകരണ പ്രസ്താവന.

വിവിധ ആര്‍.എസ്.എസ് വിഭാഗങ്ങളെക്കുറിച്ചുള്ള വിശകലന യോഗങ്ങള്‍ക്കായി 10 ദിവസത്തെ ബീഹാര്‍ പര്യടനം നടത്തുന്ന മോഹന്‍ ഭഗവത് ഫെബ്രുവരി 11 ന് മുസഫര്‍ പൂരില്‍ ബീഹാറിലെയും ജാര്‍ഖണ്ഡിലെയും ആര്‍.എസ്.എസ് വോളന്റിയര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ആര്‍.എസ്.എസ് ഒരു സൈനിക സംഘടനയല്ലെങ്കിലും സൈനിക അച്ചടക്കമുള്ള സംഘടനയാണെന്ന് പ്രസംഗത്തില്‍ മോഹന്‍ ഭഗവത് അവകാശപ്പെടുകയുണ്ടായി.

ആര്‍.എസ്.എസ് മേധാവിയുടെ പരാമര്‍ശങ്ങള്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും അപമാനകരമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. രാജ്യത്തിനു വേണ്ടി മരിച്ചവരെ അധിക്ഷേപിക്കുകയാണ് ആര്‍.എസ്.എസ് മേധാവിയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.