ചന്ദ്രശേഖരകമ്പാർ സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ ; ബി.ജെ.പിക്ക് തോൽവി

#

ന്യൂഡൽഹി (12.02.2018) : കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ മത്സരത്തിൽ സംഘപരിവാർ സ്ഥാനാർത്ഥിയും പ്രമുഖ ഒറിയ എഴുത്തുകാരിയുമായ പ്രതിഭ റോയിയെ പരാജയപ്പെടുത്തി പ്രമുഖ കന്നഡ സാഹിത്യകാരനും പുരോഗമന പക്ഷത്തിന്റെ സ്ഥാനാർത്ഥിയുമായ ചന്ദ്രശേഖരകമ്പാർ വിജയിച്ചു. 89 അക്കാഡമി അംഗങ്ങളാണ് വോട്ടെടുപ്പിന് എത്തിയത്. 89 പേർ വോട്ട് ചെയ്തതിൽ ചന്ദ്രശേഖർ കമ്പാറിന് 56 വോട്ടുകളും പ്രതിഭാ റോയിക്ക് 29 വോട്ടുകളും ലഭിച്ചു. നാമനിർദ്ദേശം സമർപ്പിച്ചിരുന്നെങ്കിലും മത്സരരംഗത്ത് ഇല്ലാതിരുന്ന മറാത്തി സാഹിത്യകാരൻ ബാലചന്ദ്ര നാമാഡെയ്ക്ക് 4 വോട്ട് ലഭിച്ചു. ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫ്ളപ്രഖ്യാപനം ഉച്ചയ്ക്ക് 1 മണിക്ക് പ്രഖ്യാപിച്ചു.

നിലവിൽ കേന്ദ്ര സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റാണ് ചന്ദ്രശേഖരകമ്പാർ. വൈസ് പ്രസിഡന്റ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതാണ് കേന്ദ്ര സാഹിത്യ അക്കാഡമിയിൽ പൊതുവെയുള്ള കീഴ്വഴക്കം. എന്നാൽ സംഘപരിവാർ നിലപാടുകളോട് ശക്തമായ എതിർപ്പുള്ള ചന്ദ്രശേഖരകമ്പാർ തെരഞ്ഞെടുക്കപ്പെടരുതെന്ന വാശിയിൽ സംഘപരിവാറിനോട് ആഭിമുഖ്യമുള്ള പ്രതിഭാ റോയിയെ പരിവാർ അനുകൂലികൾ  മത്സരിപ്പിക്കുകയായിരുന്നു. സാംസ്കാരിക രംഗത്ത് പിടി മുറുക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ചന്ദ്രശേഖരകമ്പാറിന്റെ വിജയം.