ഒഞ്ചിയത്ത് ടി.പിയെ കൊലപ്പെടുത്തിയതിന് സമാനമായ സാഹചര്യം : കെ.കെ.രമ

#

(12-02-18) : തനിക്കും ആർ.എം.പി നേതാക്കൾക്കും സിപിഎമ്മിന്റെ വധ ഭീഷണിയെന്ന് കെകെ.രമ . പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്നും, ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും കെ.കെ.രമ പ്രസ്താവനയില്‍ പറഞ്ഞു. ഒഞ്ചിയത്ത് ആര്‍എംപി നേതാവ് എന്‍. വേണുവിനെ അപായപ്പെടുത്താനായി  സിപിഎം ക്രിമിനലുകൾ  നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ ജനാധിപത്യ സമൂഹം ഇടപെടണമെന്ന് കെകെ രമ ആവശ്യപ്പെട്ടു.

കഴിഞ്ഞ എതാനും ദിവസങ്ങളായി തുടർച്ചയായ ആക്രമണ പരമ്പരകളാണ് സിപിഎം അഴിച്ചുവിട്ടത്. സർവകക്ഷി യോഗം സമാധാനം സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടും സിപിഎം ആക്രമണങ്ങൾ തുടരുകയായിരുന്നുവെന്നും ആര്‍എംപി ആരോപിച്ചു. ടിപിയെ കൊലപ്പെടുത്തിയതിന് സമാനമായ സാഹചര്യമാണ് സിപിഎം ഇപ്പോൾ ഒഞ്ചിയത്ത് സൃഷ്ടിക്കുന്നത്.

നിരവധി ആര്‍എംപി പ്രവർത്തകർക്കും വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണങ്ങൾ തുടരുകയാണ്. ജനാധിപത്യ അവകാശങ്ങൾ സാധ്യമാക്കാനും സ്വതന്ത്ര പ്രവർത്തനം ഉറപ്പുവരുത്താനും കേരളത്തിന്റെ ജനാധിപത്യ സമൂഹം അടിയന്തിരമായി ഇടപെടണമെന്ന് കെ.കെ രമ പ്രസ്താവനയില്‍ പറ‌ഞ്ഞു.

ഓര്‍ക്കാട്ടേരിയിലും പരിസര പ്രദേശത്തും ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സിപിഎം അക്രമണം അപലനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എംപി  പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയമാണ്. പൊലീസിനെ നോക്കുകുത്തിയാക്കി സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം   ആര്‍ എം പി പ്രവര്‍ത്തകര്‍ക്കും  അവരുടെ വീടുകള്‍ക്കും നേരെ ആക്രമണം നടത്തുകയാണ്. ആര്‍എംപി നേതാവ് വേണുവുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലീസ്  സ്റ്റേഷനില്‍ വച്ചിരിക്കുകയാണ്.  ഓര്‍ക്കാട്ടേരിയിലെയും ഒഞ്ചിയത്തെയും സിപിഎം തേര്‍വാഴ്ചക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തിയായി   പ്രതികരിക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.