ഒടുവിൽ വിജിലൻസിന് മേധാവിയായി ; എൻ.സി.അസ്താന വിജിലൻസ് ഡയറക്ടർ

#

തിരുവനന്തപുരം(12-02-18) : പുതിയ സംസ്ഥാന വിജിലൻസ് ഡയറക്ടറായി ഡിജിപി നിർമ്മൽ ചന്ദ്ര അസ്താനയെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ അല്പം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എന്‍.സി.അസ്താന. പോലീസ് മേധാവി ലോക്നാഥ് ബെഹ്‌ വിജിലൻസ് മേധാവിയായും തുടരുന്നത് വിവാദമായതിനെത്തുടർന്നാണ് നടപടി. നിലവില്‍ ദില്ലിയില്‍ കേരളത്തിന്‍റെ ഒാഫീസര്‍ ഒാണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചുമതലയാണ്‌ ഇപ്പോൾ അസ്താന വഹിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റ തന്നെയാണ് വിജിലൻസ് ഡയറക്ടറുടെയും പദവി വഹിക്കുന്നത്.. ബെഹ്റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതായുള്ള വാർത്തകൾക്ക് പിന്നാലെയാണ് നടപടി. സ്ഥിരം വിജിലൻസ് ഡയറക്റെ നിയമിക്കാത്തതിനെ ഹൈക്കോടതി ഒന്നിലേറെ തവണ വിമർശിച്ചിരുന്നു. എന്നാൽ, ബെഹ്റയെ സർക്കാർ മാറ്റിയില്ല. ഉദ്യോഗസ്ഥ നിയമനം സർക്കാരിന്റെ ഭരണപരമായ അധികാരമാണെന്നും അതിൽ കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.

കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി.സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി കസേരയിലെത്തിയപ്പോഴാണു പോലീസ് മേധാവി ആയിരുന്ന ബെഹ്റയെ വിജിലൻസ് ഡയറക്ടറായി സർക്കാർ നിയമിച്ചത്. സെൻകുമാർ വിരമിച്ച ശേഷം ബെഹ്റയെ വീണ്ടും പൊലീസ് മേധാവിയാക്കി. ഒപ്പം വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല ആദ്യം നൽകി. പിന്നീട് പൂർണ ചുമതലയും നൽകി.

ബെഹ്‌റയ്ക്ക് കീഴിൽ വിജിലൻസ് നിഷ്ക്രിയം ആയതിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. വിജിലൻസ് രജിസ്റ്റർ ചെയ്ത അഴിമതിക്കേസുകളിൽ മിക്കതിലും തെളിവുകൾ ലഭ്യമല്ല എന്ന പേരിൽ കോടതിയിൽ റിപ്പോർട്ട് നൽകുകയാണ് ചെയ്തത്. മിക്ക കേസുകളിലും അന്വേഷണം പുരോഗമിക്കുമ്പോൾ അന്വേഷണ സംഘത്തെ മാറ്റുകയായിരുന്നു പതിവ്.