വാലന്റൈന്‍സ് ദിനത്തിനെതിരേ വീണ്ടും സംഘപരിവാര്‍ സംഘടന

#

ഹൈദരാബാദ് (12-02-18) : വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 ന് അതു പ്രമാണിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് ഹൈദരബാദിലെ റെസ്റ്റോറണ്ടുകളോടും പബ്ബുകളോടും ബജ്‌റംഗ്ദള്‍ ആവശ്യപ്പെട്ടു. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലും ജൂബിലി ഹില്‍സിലുമുള്ള പബ്ബുകളിലും റെസ്റ്റോറണ്ടുകളിലും നേരിട്ടെത്തിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ദിനത്തില്‍ പ്രത്യേക പരിപാടികള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടത്. വാലന്റൈന്‍സ് ദിനം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ വാദം.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ആഘോഷങ്ങള്‍ അലങ്കോലപ്പടുത്തുകയും ആഘോഷങ്ങളില്‍ പങ്കെടുത്തവരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായതിനാല്‍ ഹൈദരാബാദിലെ റസ്റ്റോറണ്ട് -പബ്ബ് ഉടമകള്‍ ഭീതിയിലാണ്. വാലന്റൈന്‍ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ജനങ്ങളോടും ബജ്‌റംഗ്ദള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു.