പാകിസ്ഥാനുമായി സംഭാഷണമാണ് വേണ്ടത് ; യുദ്ധമല്ല : മെഹ്ബൂബ

#

ശ്രീനഗര്‍ (12-02-18) : ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഭാഷണമാണ്, യുദ്ധമല്ല വേണ്ടതെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സുംജൂവാനില്‍ സൈനിക ക്യാമ്പിന് നേരേ ഭീകരാക്രമണം നടന്നതിനു പുറകേ, പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഭാഷണം ആവശ്യമാണെന്ന് മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ സംഭാഷണം ആവശ്യമാണെന്ന് മെഹ്ബൂബ പറഞ്ഞു. താന്‍ ദേശവിരുദ്ധയാണെന്ന് ഇന്ന് രാത്രി ചാനല്‍ വാര്‍ത്താ അവതാരകര്‍ ആരോപിക്കുമെന്നും താന്‍ അത് കാര്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ജമ്മുകാശ്മീരിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. യുദ്ധം ഒരു മാര്‍ഗ്ഗമല്ല.

പാകിസ്ഥാനുമായി സംഭാഷണം ആവശ്യമാണെന്ന് പറയുന്നവരെ ദേശിവുദ്ധരായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ നിയമസഭയില്‍ മെഹ്ബൂബ മുഫ്തി നിശിതമായി വിമര്‍ശിച്ചു. പാകിസ്ഥാനുമായി നടന്ന എല്ലാ യുദ്ധങ്ങളിലും നമ്മള്‍ വിജയിച്ചു. പക്ഷേ, സൈനികരും സാധാരണ മനുഷ്യരും കൊല്ലപ്പെടുന്ന അവസ്ഥ ഇല്ലാതാകണമെങ്കില്‍ സംഭാഷണമാണ് വേണ്ടത്.