വീണ്ടും രഥയാത്രയുമായി സംഘപരിവാര്‍

#

ന്യൂഡല്‍ഹി (13-02-18) : 1990 കളുടെ തുടക്കത്തില്‍ വടക്കേയിന്ത്യയില്‍ വന്‍തോതില്‍ കലാപങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും വഴിയൊരുക്കിയ രഥയാത്രയുടെ ഓര്‍മ്മ ഉണര്‍ത്തി വീണ്ടും ഒരു രഥയാത്ര ഇന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ആരംഭിക്കും. 1990 കളില്‍ വിശ്വഹിന്ദു പരിഷത്ത് സ്ഥാപിച്ച കര്‍സേവക്പുരത്തു നിന്നാണ് രാം രാജ്യരഥ്‌യാത്ര എന്ന് പേരിട്ടിരിക്കുന്ന യാത്ര ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ ഒരു സംഘടനയാണ് രഥയാത്ര നടത്തുന്നതെന്നാണ് പ്രഖ്യാപനമെങ്കിലും വിശ്വഹിന്ദു പരിഷത്ത് ആണ് രഥയാത്രയുടെ പ്രധാന സംഘാടനം നിര്‍വ്വഹിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ 6 സംസ്ഥാനങ്ങളിലൂടെ രഥയാത്ര കടന്നുപോകും. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് യാത്രയുടെ സമാപനം.

ഒരു ടാറ്റാ മിനി ട്രക്കിനെയാണ് രഥമാക്കി മാറ്റിയിരിക്കുന്നത്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തിലും ബി.ജെ.പിക്ക് ഇനിയും ഉദ്ദേശിക്കുന്ന രീതിയില്‍ വളരാന്‍ കഴിഞ്ഞിട്ടില്ലാത്ത കേരളത്തിലും ചലനങ്ങളുണ്ടാക്കുക എന്നതാണ് രഥയാത്രയുടെ പ്രധാന ലക്ഷ്യം. 39 ദിവസം 6 സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന യാത്രയുടെ ഭാഗമായി 40 പൊതു യോഗങ്ങള്‍ സംഘടിപ്പിക്കും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാമജന്മഭൂമി പ്രശ്‌നം വീണ്ടും ആളിക്കത്തിക്കാന്‍ കഴിയുമോ എന്ന പരീക്ഷണം കൂടിയാണ് രഥയാത്ര.