യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകം കണ്ണൂരിൽ ഹർത്താൽ

#

കണ്ണൂർ (13-02-18) : മട്ടന്നൂർ എടയന്നൂരിൽ കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ. യൂത്ത് കോൺഗ്രസ് കീഴല്ലൂർ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂർ സ്കൂൾ പറമ്പത്ത് ഹൗസിൽ ഷുഹൈബി (30)നെ ഇന്നലെ രാത്രിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഊട്ട് ഉത്സവം കണക്കിലെടുത്ത് പയ്യാവൂർ പഞ്ചായത്തിനെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാത്രി 11.30-ഓടെ തെരൂരിലെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇരു കാലുകൾക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്നു പുലർച്ചെ ഒന്നിനാണ് മരിച്ചത്. അക്രമത്തിൽ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

മൂന്നാഴ്ചമുമ്പ് എടയന്നൂര്‍ എച്ച്.എസ്.എസില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടർന്ന തർക്കം വളർന്ന് സംഘർഷമായി മാറുകയും ഷുഹൈബിന്റെ കൊലപാതകത്തിൽ എത്തുകയുമായിരുന്നു.