കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി 5 മരണം ; മരിച്ചതിൽ 2 മലയാളികൾ

#

കൊച്ചി (13-02-18) : കൊച്ചി കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 തൊഴിലാളികള്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. സാഗര്‍ ഭൂഷണണെന്ന ഒ.എന്‍.ജി.സി കപ്പലിലെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്.

റംഷാദ്, ജിബിന്‍ എന്നിവരാണു മരിച്ച മലയാളികൾ. ജിബിന്‍ കപ്പല്‍ ശാലയിലെ ജീവനക്കാരനും മറ്റുള്ളവര്‍ കരാര്‍ ജോലിക്കായി എത്തിയവരുമാണ്.രണ്ടു പേര്‍ കപ്പലില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. വെല്‍ഡിംഗിനിടെ അപകടമുണ്ടായതെന്നാണ് പ്രഥമിക സൂചന.  പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. 45 ശതമാനം പൊള്ളലേറ്റ ശ്രീരൂപ് എന്നയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

46 വര്‍ഷം പഴക്കമുള്ള സാഗര്‍ ഭൂഷണ്‍ എന്ന കപ്പലില്‍ രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്.  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒ.എന്‍.ജി.സി) ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പല്‍. 15ഓളം ജീവനക്കാര്‍ അപകടസമയത്ത്  ഉള്ളിലുണ്ടായിരുന്നു.

തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പുക വ്യാപിച്ചതാണ്  മരണസംഖ്യ ഉയരാന്‍ കാരണമായതെന്നും കമ്മീഷണര്‍ പറഞ്ഞു. കൂടുതല്‍ ആംബുലന്‍സുകളും അഗ്നിശമനാ വാഹനങ്ങളും കപ്പല്‍ ശാലയിലേക്ക് എത്തിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.