സിനിമാമിമിക്രിയായി കമലസുരയ്യ

#

(13-02-18) : മലയാളി കണ്ടു പരിചയിച്ച കമലസുരയ്യയുടെ ബാഹ്യരൂപമല്ല ആമി എന്ന സിനിമയില്‍ കാണാന്‍ കഴിയുക. സ്‌നിഗ്ദ്ധതയായിരുന്നു ആ വ്യക്തിത്വത്തിന്റെ മുഖമുദ്ര. കമല സുരയ്യയായി അഭിനയിക്കുന്ന മഞ്ജുവാര്യരുടെ മുഖത്തെ കാര്‍ശ്യവും രൗദ്രതയും കമല സുരയ്യയുടെ മുഖത്ത് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. കുട്ടികളുടേതു പോലെയുള്ള കമലയുടെ ചിരിയും സിനിമയിലെ മഞ്ജുവിന്റെ അട്ടഹാസവും തമ്മിലും ഒരു പൊരുത്തവുമില്ല. ആന്തരിക വ്യക്തിത്വത്തിലേക്കുള്ള ജാലകം കൂടിയാണ് ബാഹ്യരൂപം. ബാഹ്യരൂപത്തിന്റെ ചിത്രീകരണത്തില്‍ തന്നെ പാളിച്ച പറ്റിയ ചലച്ചിത്രം മാധവിക്കുട്ടിയുടെ/സുരയ്യയുടെ ആന്തരികലോകം ആവിഷ്‌കരിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു.

മുതിര്‍ന്നവരുടെ ലോകത്തിന്റെ കള്ളവും കാപട്യവും മനസ്സിലാക്കാനാവാതെ ഉഴലുന്ന കുട്ടി കമലയുടെ എഴുത്തിലെ നിത്യസാന്നിദ്ധ്യമാണ്. മുതിര്‍ന്നവര്‍ക്ക് സഹജമായ കള്ളത്തരത്തോടൊപ്പം തറവാടിത്തത്തിന്റെ കാപട്യങ്ങളും ജാതി മേലാളത്തത്തിന്റെ വമ്പും ആമി എന്ന കുട്ടിയെ അമ്പരപ്പിച്ചു. നിഷ്‌കളങ്കത സ്ഫുരിക്കുന്ന കൗതുകത്തോടെയാണ് തന്റെ ചുറ്റുപാടും കണ്ട മനുഷ്യരെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും കമല എഴുതിയത്. ഗര്‍ഭിണികളാകുന്ന വീട്ടു ജോലിക്കാരികളുടെ മൃതദേഹങ്ങള്‍ തറവാട്ടുതൊടിയിലെ കുളത്തില്‍ കണ്ടെത്താറുണ്ടായിരുന്നെന്ന് മാധവിക്കുട്ടി എഴുതിയത് യാഥാര്‍ത്ഥ്യമാകാം. ഫാന്റെസിയുമാകാം. പക്ഷേ, അന്നത്തെ സാമൂഹികക്രമത്തെയും സ്വന്തം തറവാട്ടിലെ മനുഷ്യബന്ധങ്ങളെയും അവിടെ നിലനിന്ന ലൈംഗികജീവിതത്തെയും കുറിച്ചുള്ള അവരുടെ വിലയിരുത്തല്‍ ആ വാക്കുകളിലുണ്ട്. അമ്മമ്മയുടെ സ്‌നേഹവും വലിയമ്മാവന്റെ പ്രൗഢി നിറഞ്ഞ വാത്സല്യവും നിറഞ്ഞു നില്‍ക്കുന്ന വലിയ തറവാട്ടില്‍ നിന്ന് ഒഴിവുകാലം കഴിഞ്ഞ് നഗരത്തിലേക്ക് പോകുന്നതില്‍ ദുഃഖിക്കുന്ന കൊച്ചുപെണ്‍കുട്ടിയെയും അവളെ പിരിയുന്നതില്‍ സങ്കടപ്പെടുന്ന അമ്മമ്മയെയും കാണിക്കുന്ന സിനിമയില്‍ മാധവിക്കുട്ടി എഴുത്തിലൂടെ ആവിഷ്‌കരിച്ച തറവാടിന്റെ ഇരുണ്ട മൂലകള്‍ കാണാനില്ല.

പാതിവ്രത്യം എന്ന സങ്കല്പത്തെ പുറംകാലുകൊണ്ട് തട്ടിയെറിഞ്ഞു എന്നതു കൊണ്ടാണ് മാധവിക്കുട്ടി യാഥാസ്ഥിതികത്വത്തിന്റെ നിത്യശത്രുവായത്. വിചിത്രമെന്നു പറയട്ടെ, ആമി എന്ന സിനിമയില്‍ പാതിവ്രത്യത്തിന്റെ വക്താവാണ് മാധവിക്കുട്ടി. മാധവിക്കുട്ടിയും അവരെക്കാള്‍ 20 വയസ്സ് പ്രായക്കൂടുതലുള്ള മാധവദാസും തമ്മിലുള്ള ബന്ധത്തിന്റെ താളപ്പിഴകള്‍ subtle ആയി ആവിഷ്‌കരിക്കാന്‍ ഒരു ശ്രമംപോലും സിനിമയില്‍ കാണാനില്ല. കിടക്കയില്‍ എങ്ങനെ പെരുമാറണമെന്ന് അറിയാത്ത ഭാര്യയ്ക്ക് പരിശീലനം നല്‍കാന്‍ വേണ്ടി ചുവന്ന തെരുവില്‍ നിന്ന് വേശ്യയെ കൂട്ടിക്കൊണ്ടുവരുന്ന സീന്‍ കണ്ടപ്പോള്‍ ബോംബേയിലെ ചുവന്ന തെരുവില്‍ നിന്നല്ല, അരനൂറ്റാണ്ടു മുമ്പുള്ള കച്ചവട സിനിമയില്‍ നിന്നാണ് ആ സ്ത്രീയെ മാധവദാസ് വിളിച്ചു കൊണ്ടുവന്നതെന്ന് തോന്നി.

സ്‌നേഹത്തെക്കുറിച്ചുള്ള ഒരു സങ്കല്പത്തെ തേടുകയായിരുന്നു ജീവിതകാലം മുഴുവന്‍ മാധവിക്കുട്ടി. ആ സങ്കല്പവും യാഥാര്‍ത്ഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോ എന്നത് അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. ടൊവിനോ തോമസ് എന്ന നടന്‍ അഭിനയിച്ച കഥാപാത്രമാണ് സിനിമയില്‍ ആ സ്‌നേഹ സങ്കല്പത്തിന്റെ രൂപം. സ്‌നേഹവും കരുതലും കരുണയും നിറഞ്ഞ കാമുകനെക്കുറിച്ചുള്ള മാധവിക്കുട്ടിയുടെ പ്രണയസങ്കല്പം കമലിന് വഴങ്ങുന്നതല്ലെങ്കിലും, മറ്റേതെങ്കിലും നടനായിരുന്നെങ്കില്‍ തീര്‍ത്തും അസഹ്യമാകുമായിരുന്ന കൃഷ്ണസങ്കല്പത്തിന് മാരകമായ പരിക്കേൽക്കാതിരുന്നത് ടൊവിനോ തോമസ് എന്ന കലാകാരന്റെ അഭിനയസിദ്ധി കൊണ്ടുമാത്രം.

മാധവിക്കുട്ടിയും കൃഷ്ണനും തറവാട്ടിലെ അമ്മമ്മയും വല്യമ്മാവനും ഒഴികെ, എന്റെ കഥ പ്രസിദ്ധീകരിച്ച മലയാളനാട് വാരികയുടെ പത്രാധിപർ എസ്.കെ.നായർ ഉൾപ്പെടെ സിനിമയിൽ പ്രത്യക്ഷപ്പെടുന്നവരിൽ ഏതാണ്ടെല്ലാവരും വില്ലന്മാരോ ഹാസ്യകഥാപാത്രങ്ങളോ ആണ്. ബോംബെയില്‍ താമസിക്കുമ്പോള്‍, പ്രായം ചെന്ന ഒരു മറാത്തിക്കവിയെ മാധവദാസ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നുണ്ട്. എന്റെ കഥയിലെ കിടപ്പറരംഗങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് അയാള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ മാധവദാസ് ഭാര്യയോട് ആവശ്യപ്പെടുന്നു. ബോംബേ-കല്‍ക്കട്ട വാസം കഴിഞ്ഞ് തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് മാധവിക്കുട്ടി, വീട്ടില്‍ തന്നെ കാണാന്‍ വന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടിക്ക് ഊരി നല്‍കിയ സ്വര്‍ണ്ണവള, മുക്കുപണ്ടമാണെന്ന് ആ കുട്ടിയോടും അച്ഛനോടും കള്ളം പറഞ്ഞ് മാധവദാസ് തിരികെ വാങ്ങുന്നുണ്ട്. ഇങ്ങനെ കള്ളനും വിടനുമായിട്ടാണ് മാധവദാസ് ചിത്രീകരിക്കപ്പെടുന്നതെങ്കില്‍ മേലാള സാംസ്‌കാരിക മുന്‍വിധികള്‍ ഊട്ടിയുറപ്പിക്കുന്ന ദൃശ്യങ്ങളും രംഗങ്ങളും കൂടുതല്‍ അപകടകരമാണ്. മുറുക്കിച്ചുവപ്പിച്ച ചുണ്ടും അശ്ലീലച്ചിരിയുമായി, വേറേ ഏതോ ലോകത്തു നിന്നു വന്നതുപോലെയുള്ള വേശ്യ, ഹോമോസെക്ഷ്വല്‍സിനെക്കുറിച്ചുള്ള വാര്‍പ്പ് മാതൃകയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള യുവാവ്, സാഹിത്യം വായിച്ച് തലയ്ക്ക് പിടിച്ച് ലക്കില്ലാത്തതു പോലെ പെരുമാറുന്ന, സ്‌കൂളിലെ മലയാളം അധ്യാപിക, മാധവിക്കുട്ടിയെ തെരഞ്ഞെടുപ്പിനു മത്സരിക്കാന്‍ പ്രേരിപ്പിച്ച്, ഒടുവില്‍ ദയനീയമായി പരാജയപ്പെടുമ്പോള്‍ അവരെ അഭിമുഖീകരിക്കാത മുങ്ങുന്ന "പൊതുപ്രവര്‍ത്തകര്‍", അവരില്‍ തന്നെ ഹാസ്യകഥാപാത്രം പോലെ പ്രത്യക്ഷപ്പെടുന്ന കറുത്ത നിറമുള്ള ആള്‍ ഇങ്ങനെ സാധാരണക്കാരും ദരിദ്രരുമായ മനുഷ്യരെ പരിഹാസപാത്രങ്ങളായി ചിത്രീകരിക്കുന്ന മുഖ്യധാരാ സിനിമയിലെ പതിവു രീതികള്‍ ധാരാളമായി ഈ സിനിമയില്‍ കാണാം.

കൊച്ചിയില്‍ താമസിക്കുന്ന കാലത്ത് ആരാധനയും സ്‌നേഹവും കരുതലും കാരുണ്യവുമായി അവരെ കാണാനെത്തുന്ന അക്ബറലിയുമായി മാധവിക്കുട്ടി അടുക്കുന്നത് സാമാന്യം വിശ്വസനീയമായി ആവിഷ്‌കരിക്കാന്‍ കമലിനു കഴിയുന്നു. നേരിയ അതിഭാവുകത്വമുണ്ടെങ്കിലും ആ ബന്ധത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു സ്വാഭാവിക വികാസമുണ്ട്. മതം മാറ്റവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിലും മിതത്വം പ്രകടമാണ്.

മാധവിക്കുട്ടിയുടെ ആന്തരിക ലോകത്തെ ദൃശ്യഭാഷയിലാവിഷ്‌കരിക്കുക എന്നത് അനന്തസാധ്യതകളുള്ള വെല്ലുവിളിയാണ്. തറവാടിനെക്കുറിച്ചുള്ള മാധവിക്കുട്ടിയുടെ വാക്കുകള്‍ക്ക് തീര്‍ച്ചയായും ഫാന്റെസിയുടെ ഒരു തലമുണ്ട്. മാധവിക്കുട്ടിയുടെ എല്ലാ ആവിഷ്‌കാരങ്ങളിലും യാഥാര്‍ത്ഥ്യവും ഫാന്റസിയും തമ്മിലുള്ള ഇടകലരലുണ്ട്. തറവാട്ടിലെ കുട്ടിക്കാലം മുതല്‍ ദാമ്പത്യജീവിതത്തിലെ താളപ്പിഴയും സ്‌നേഹത്തിനു വേണ്ടിയുള്ള നിത്യമായ അന്വേഷണവും എല്ലാം ദൃശ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നതിനു പകരം വാരാന്തപ്പതിപ്പുകളിലെ ഫീച്ചറുകളില്‍ മാധവിക്കുട്ടിയെക്കുറിച്ച് നൂറ്റൊന്നാവര്‍ത്തിച്ച ക്ലീഷേകള്‍ ഉപരിപ്ലവമായി, ഏകമുഖമായി ക്യാമറയില്‍ പകര്‍ത്തുകയാണ് കമല്‍ ചെയ്തത്.

മാധവിക്കുട്ടിയുടെ അനുഭവലോകത്തെ റിയലിസവും ഫാന്റെസിയും ഇടകലര്‍ന്ന ഒരു പരിചരണരീതിയിലൂടെ മാത്രമേ ആവിഷ്‌കരിക്കാനാകൂ. കാമുകന്റെ രൂപത്തില്‍ ഇടയ്‌ക്കെല്ലാം സുന്ദരനായ ഒരു യുവാവ് അടുത്തു വരുന്നതായി സങ്കല്പിക്കുന്നതില്‍ ഒതുങ്ങുന്നു കമലിന്റെ ഭാവന. മാധവിക്കുട്ടിയെപ്പോലെ ഒരു കലാകാരിയുടെ ജീവിതം ആവിഷ്‌കരിക്കുമ്പോള്‍ ഉപയോഗിക്കാമായിരുന്ന സംഗീതത്തിന്റെ സാധ്യതകള്‍ ഈ സിനിമയില്‍ ഉപയോഗിക്കപ്പെടുന്നതേയില്ല.

കമല സുരയ്യയായി അഭിനയിക്കാന്‍ മഞ്ജുവാര്യരെ തെരഞ്ഞെടുത്തതാണ് ഈ സിനിമയുടെ സമ്പൂര്‍ണ്ണ പരാജയത്തിന് കാരണം. ഇത്ര ഭീകരമായ ഒരു miscasting മലയാള സിനിമയില്‍ വേറേ ഉണ്ടാവില്ല. മഞ്ജുവാര്യരുടെ മുഖത്ത് ആദ്യന്തം പ്രത്യക്ഷപ്പെടുന്ന രൗദ്രഭാവം മാധവിക്കുട്ടിയില്‍ കണ്ടിട്ടുള്ളതല്ല. പഴയ സിനിമകളിലെ വില്ലന്മാരെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള മഞ്ജുവാര്യരുടെ പൊട്ടിച്ചിരിയും മാധവിക്കുട്ടിയുടേതല്ല. കമലസുരയ്യയെ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടില്ലാത്ത പുതിയ തലമുറയ്ക്ക് തീര്‍ത്തും തെറ്റായ ചിത്രം നല്‍കുന്നു എന്നതാണ് ആമി എന്ന സിനിമയെ കലാപരമായി ഗൗരവമുള്ള കുറ്റമാക്കി മാറ്റുന്നത്.