ഷുഹൈബിന്റെ കൊലപാതകം : സി.പി.എമ്മിനെതിരെ കോൺഗ്രസ്

#

(13-02-18) : കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. ശുഹൈബിന്റെ  വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലൂടെ സി.പി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ വികൃതമുഖം ഒരിക്കല്‍ക്കൂടി പ്രകടമായെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. സി.പി.എം. ജില്ലാ നേതാക്കളുടെ അറിവോടും സമ്മതത്തോടുംകൂടി നടന്ന ആസൂത്രിത കൊലപാതകമാണിതെന്നും എം.എം.ഹസന്‍ ആരോപിച്ചു.

ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പരിഹാസ്യമാണ്. രണ്ടാഴ്ച മുന്‍പ് എടയന്നൂരീല്‍ നടത്തിയ റാലിക്കിടെ " നിന്റെ നാളുകള്‍ എണ്ണപ്പെട്ടു"എന്ന് ആക്രോശിച്ചുകൊണ്ട് സി.പി.എം അക്രമികള്‍ കൊലവിളി നടത്തുന്ന വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ അക്രമത്തിന്റെ ഉത്തരവാദികള്‍ സി.പി.എം. ആണെന്ന്  വ്യക്തമാണെന്നും ഹസന്‍ പറഞ്ഞു.

അധികാരത്തിന്റെ തണലില്‍ സി.പി.എം അക്രമ പരമ്പരകള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 22 -ാം മത്തെ രാഷ്ട്രീയ കൊലപാതകമാണിത്. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കാതെ  സംരക്ഷിക്കാനാണ് സി.പി.എം ശ്രമമെങ്കില്‍ ശക്തമായ ജനകീയപ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും എം.എം. ഹസന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. ഷുഹൈബിനെ ബോബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം സി.പി.എം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി.

അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നതാണ് സി.പി.എം മാനോഭാവം. സ്വന്തം രക്തത്തില്‍ അലിഞ്ഞ കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധം.  സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത തരത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയ പരാജയമായി മാറിയിരിക്കുകയാണ്.

കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയും കേരളത്തിലെ ഭരണകക്ഷിയായ സി.പി.എമ്മും മത്സരിച്ചു നടത്തുന്ന കൊലപാതകങ്ങള്‍ കേരളത്തില്‍ സമാധാന പരമായ ജനജീവിതം അസാധ്യമാക്കിയിരിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ബി.ജെ.പിയുടേത് വര്‍ഗ്ഗീയ ഫാസിസവും അസഹിഷ്ണുതയുമാണെങ്കില്‍ സി.പി.എമ്മിന്റേത് രാഷ്ട്രീയ അസഹിഷ്ണുതയാണ്. കണ്ണൂരിനെ ചോരക്കളമാക്കുന്നതില്‍ പ്രധാന റോള്‍ സി.പി.എമ്മിനുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായ സിപിഎം- ബിജെപി സംഘട്ടനം കോണ്‍ഗ്രസിലേക്കു കൂടി വ്യാപിപ്പിച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച് ഷുഹൈനുവിന്റെ ക്രൂരമായ കൊലപാതകമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കേരളം വീണ്ടും രക്തച്ചൊരിച്ചിലിലേക്കു വഴുതിവീണിരിക്കുകയാണ്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു വര്‍ഷം തികയുംമുമ്പേ രാഷ്ട്രീയകൊലപാതകങ്ങളില്‍ 22 പേരാണു മരിച്ചത്. പോലീസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്നു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിനു കഴിയുന്നില്ല. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനാധിപത്യവിശ്വാസികളായ എല്ലാവരും രംഗത്തുവരണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.