ബസ് ചാർജ്ജ് വർധിപ്പിക്കും : തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിൽ

#

തിരുവനന്തപുരം (13-02-18) :ബസ് ചാർജ് വർധിപ്പിക്കുന്നതിന് എൽ.ഡി.എഫ് യോഗം സർക്കാരിന് അനുമതി നൽകി. ഓർഡിനറി ബസുകളുടെ മിനിമം ചാർജ് 8 രൂപയായും  ഫാസ്റ്റിന്റെ മിനിമം ചാർജ് 11 രൂപയായും ഉയർത്തും. മറ്റ് സർവ്വീസുകളിലും ആനുപാതികമായ വർദ്ധനവ് ഉണ്ടാകും. നാളെ ചേരുന്ന മന്ത്രിസഭയായോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

ഇന്ന് ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനാണ്  ബസ് ചാർജ് വർധന സംബന്ധിച്ച പ്രൊപ്പോസൽ വച്ചത്. സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ അടിയന്തിരമായ തീരുമാനം ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ വർദ്ധനവ്  നടപ്പാക്കുന്നതിന് മുന്നണിയിൽ ധാരണയായി.

എന്നാൽ ബസ് ചാർജ് വർധന സംബന്ധിച്ച് എൽ.ഡി.എഫിൽ തീരുമാനം ഉണ്ടായില്ലെന്നും എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് ഉചിത തീരുമാനം എടുക്കുന്നതിന് മുന്നണി സർക്കാരിനോട് ശുപാർശ ചെയ്യുകയാണ് ഉണ്ടായത് എന്നും യോഗ ശേഷം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.