റാം മാധവിനെതിരായ ലൈംഗികാരോപണം : ന്യൂസ്‌പോര്‍ട്ടലിനെതിരേ നടപടിയ്ക്ക് ബി.ജെ.പി

#

ന്യൂഡല്‍ഹി (13-02-18) : ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് രണ്ട് നാഗ സ്ത്രീകളോടൊപ്പം നില്‍ക്കുന്ന ദൃശ്യം പ്രചരിപ്പിച്ച ന്യൂസ് ജോയിന്റ് എന്ന ന്യൂസ് പോര്‍ട്ടലിനെതിരേ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി. റാം മാധവിനെ 2 സ്ത്രീകളോടൊപ്പം ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഒഫ് നാഗാലാന്‍ഡ് (എന്‍.എസ്.സി.എന്‍) എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പിടി കൂടി ചിത്രീകരിച്ച ദൃശ്യമെന്നാണ് ന്യൂസ് ജോയിന്റ് അവകാശപ്പെട്ടത്. എന്നാല്‍ ദൃശ്യം വ്യാജമായി ഉണ്ടാക്കിയതാണെന്ന് ബി.ജെ.പി ആരോപിച്ചു. ദൃശ്യം പുറത്തു വിട്ട ന്യൂസ് ജോയിന്റ് എന്ന പോര്‍ട്ടല്‍ ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്.

ബി.ജെ.പിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് റാം മാധവ്. എന്‍.എസ്.സി.എന്‍ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം റാം മാധവിനെ ബന്ദിയാക്കിയിരുന്നുവെന്നും ആസ്സാമിലെ മന്ത്രിയും റാം മാധവിന്റെ സുഹൃത്തുമായ ഹിമന്ത ബിശ്വാസ് ശര്‍മ്മ എത്തിയതിനു ശേഷം മാത്രമാണ് മോചിപ്പിച്ചതെന്നും പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാം മാധവിന്റെ വീഡിയോ ദൃശ്യങ്ങള്‍ എന്‍.എസ്.സി.എന്‍ എന്ന സംഘടനയുടെ കൈവശമുണ്ടെന്നും ഫെബ്രുവരി 27 ല്‍ നടക്കാനിരിക്കുന്ന നാഗാലാന്‍ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചാല്‍ മാത്രമേ ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കൂ എന്ന് ന്യൂസ് ജോയിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പോര്‍ട്ടല്‍ തന്നെ അപ്രത്യക്ഷമായത് വാര്‍ത്ത വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു.