അസഹിഷ്ണുതാകാലത്തെ പ്രണയം

#

(14-02-18) : ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ആധുനിക ഇന്ത്യയിൽ, ഏറ്റവുമധികം എതിർക്കപ്പെടുന്ന ആഘോഷമായിരിക്കണം പ്രണയദിനം. ദളിതർ കഴിഞ്ഞാൽ ഏറ്റവുമധികം അക്രമങ്ങളും അവകാശ ലംഘനങ്ങളും നേരിടേണ്ടി വന്നൊരു വിഭാഗം ഇവിടുത്തെ കമിതാക്കൾ ആയിരിക്കണം. അവരെക്കാൾ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ശിവസേനയും ബജ്രംഗ് ദളും ഒക്കെ വാലന്റൈൻസ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഒരുമിച്ച് ഇരിക്കുന്ന ആണിനേയും പെണ്ണിനേയും തല്ലി ഓടിച്ച് സദാചാരത്തെ സംരക്ഷിക്കാൻ ഇത്തരം വർഗീയ പ്രസ്ഥാനങ്ങൾക്ക് കിട്ടുന്ന ഒരു ദിനമായാണ് നമ്മുടെ നാട്ടിൽ വാലന്റൈൻസ് ഡേ വിശേഷിപ്പിക്കപ്പെടേണ്ടത്.

2017ൽ മറൈൻ ഡ്രൈവിൽ ശിവസേനയുടെ വകയായി നടന്ന കലാപരിപാടികൾ പോലീസ് മാറി നിന്ന് കാണുന്നത് എല്ലാ ചാനലിലും കണ്ടതാണ്. കൊലപാതക - പീഡനക്കേസുകളിലെ പ്രതികളെ തെളിവെടുക്കാൻ കൊണ്ടു വരുമ്പോൾ ജനക്കൂട്ടത്തിന്റെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം വരെ തടയുന്ന പോലീസ്, ഒരു നിയമ ലംഘനവും നടത്താത്തവരെ സംഘം ചേർന്ന് മര്‍ദ്ദിക്കുന്നത് നോക്കി നിന്നത് എന്തുകൊണ്ടാണ് ? ഇതൊരു പൊതു മനോഭാവത്തിന്റെ പ്രശ്നമാണ്. “അവരോട് ആര് പറഞ്ഞു അവിടെ പോയി ഇരിക്കാൻ ?” , “രണ്ടെണ്ണം കിട്ടേണ്ടത് ആവശ്യമാണ്‌” എന്ന ഭൂരിപക്ഷ സമൂഹത്തിന്റെ മനോഭാവത്തിന്റെ പ്രശ്നം. ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാൻ നിയമപരമായി ഈ രാജ്യത്ത് ഒരു തടസവും ഇല്ലാത്തപ്പോഴും അത് പൊതുജന വിചാരണയ്ക്ക് വിധേയമാകുന്നതും ഇതുകൊണ്ടാണ്.

സ്‌ത്രീകളെ കാണുമ്പോൾ ഇറച്ചിക്കടയ്ക്ക് മുന്നിലെ ശ്വാനരെ പോലെ നോക്കി വെള്ളമിറക്കി, കമന്റും ചേഷ്ടകളും കാട്ടി സ്ത്രീകളെ അസ്വസ്ഥരാക്കി ആനന്ദം കണ്ടെത്തുന്നവരിൽ പലരുമാണ് ഫെബ്രുവരി 14ന് സദാചാര പ്രബോധനത്തിന് ചാടിപ്പുറപ്പെടുന്നത്. ഒരു പെണ്ണ് ഒരാണിനൊപ്പം പൊട്ടിച്ചിരിച്ചു നടക്കുന്നത് കാണുമ്പോൾ തന്റെ കഴിവില്ലായ്മയിൽ നിന്നുദിക്കുന്ന അസൂയ സൃഷ്ടിക്കുന്ന സദാചാര വാദികളുമുണ്ട്. തുടയ്ക്ക് മുകളിൽ മുണ്ട് മടക്കി കുത്തിയിട്ട്, ജീൻസ് ഇടുന്ന പെണ്ണിനെ തെറി പറയുന്നതൊക്കെയാണ് ഇവിടുത്തെ സദാചാര ബോധം.

ആണും പെണ്ണും സ്വതന്ത്രമായി ഇടപഴകുന്നത്, "ആദരണീയനായ" ഒരു മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ, "മറ്റേ പരിപാടി"യാണ് എന്ന് വിശ്വസിക്കുന്നവരാണ് നല്ലൊരു ശതമാനവും. അതുകൊണ്ടാണ് ഇതൊന്നും നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല എന്ന ന്യായീകരണം പലയിടത്തും അംഗീകരിക്കപ്പെടുന്നത്. നിയമ ലംഘനങ്ങൾ ഒന്നും നടത്താത്തിടത്തോളം അവർക്ക് അതിനുള്ള അവകാശമുണ്ട് എന്ന വസ്തുത അംഗീകരിക്കാൻ ആരും തയ്യാറല്ല. സ്ത്രീ, സ്വാതന്ത്ര്യം അര്‍ഹിക്കാത്തവൾ ആണെന്നും പുരുഷന്റെ ഭോഗവസ്തുവാണെന്നും പറയുന്ന മതങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹവും സംസ്കാരവും ഇതൊന്നും അംഗീകരിക്കാത്തത് അത്ഭുതമല്ല. ഒരാണും പെണ്ണും ഒരുമിച്ചിരുന്നാലോ പ്രേമിച്ചാലോ തകരുന്നത്ര ദുർബലമായ ഒരു സംസ്കാരത്തിന് പുരോഗമന കാലത്ത് ഒരു സ്ഥാനവുമില്ല. അത്തരം സങ്കുചിത  വിശ്വാസങ്ങളുള്ള ഒരു സമൂഹം പുരോഗതിയിലേക്ക് എത്തുകയുമില്ല. വാലന്റൈന്‍സ്‌ ഡേ എന്ന "പാശ്ചാത്യ ദുരാചാരം" ഇവിടെ വന്നത് കൊണ്ടല്ല വ്യക്തികള്‍ തമ്മില്‍ പ്രേമിക്കാന്‍ തുടങ്ങിയത്. അത് കൊണ്ടുമല്ല അന്നേ ദിവസം കമിതാക്കള്‍ ആക്രമിക്കപെടുന്നതും. അതൊരു കാരണം മാത്രമാണ്. യാഥാസ്ഥിതികതയുടെ അസഹിഷ്ണുത പ്രകടിപ്പിക്കാന്‍ ഒരു കാരണം.

ഇന്നത്തെ പ്രണയങ്ങള്‍ പലതും വാട്സാപ്പില്‍ തുടങ്ങി ഒടുവില്‍ സൈബര്‍ സെല്ലിലോ എന്‍.ഐ.എയിലോ ചെന്ന് അവസാനിക്കുന്നത് നാം കാണുന്നതാണ്. അത്തരം വാര്‍ത്തകള്‍ വരുമ്പോള്‍, ഇതുകൊണ്ടാണ് നമ്മള്‍ പ്രേമത്തെ എതിര്‍ക്കുന്നതെന്നു യാഥാസ്ഥിതിക സമൂഹം അഭിമാനത്തോടെ പറയാറുണ്ട്. വീരപ്പനെ പിടിക്കാന്‍ സത്യവനത്തിനു തീയിട്ടു എന്ന് പറയുന്നത് പോലെ. പ്രണയങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ ചെന്നെത്തി നില്‍കുന്നത് സാമൂഹ്യ ബോധമില്ലാത്ത, മൂല്യങ്ങളില്ലാത്ത, നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാതെ വളരുന്ന ഒരു തലമുറയെ സൃഷ്ടിച്ചതിന്റെ കുഴപ്പമാണ്. അതിനു പ്രണയം പോലെ ഒരു അടിസ്ഥാന മനുഷ്യ വികാരത്തെ മൊത്തമായി കുറ്റം പറയുന്നതില്‍ ഒരർഥവുമില്ല.

സതിയും ബഹുഭാര്യത്വവും തുടങ്ങി സര്‍വ ദുരാചാരങ്ങളും ഉണ്ടായിരുന്ന ഒരു സംസ്കാരം, സ്ത്രീ പുരുഷ ഇടപഴകലുകളിലെ ശ്ലീലതയുടെ അതിരുകള്‍ നിശ്ചയിക്കുന്നത് അത്യന്തം അപഹാസ്യമാണ്. ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നത് കാണുമ്പോള്‍ അശ്ലീലം തോന്നുന്നവനും, നഗ്നയായ പിഞ്ചു കുഞ്ഞിനെ കാണുമ്പോള്‍ കാമം തോന്നുന്നവനും മാറ്റേണ്ടത് അവന്റെ സ്വഭാവമാണ്. മാറേണ്ടത് അവന്റെ കാഴ്ചപ്പാടാണ്.

“പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു ?
ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ ?
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട്,
സാറാമ്മയുടെ,
കേശവന്‍ നായര്‍ “
ഇന്നായിരുന്നെങ്കില്‍ ബഷീറിന്റെ കേശവന്‍ നായരെയും സാറാമ്മയേയും ശിവസേനക്കാര്‍ തല്ലുകയും, കേശവന്‍ നായരെ കരയോഗത്തില്‍ നിന്ന് പുറത്താക്കുകയും സാറാമ്മയെ പള്ളിയില്‍ നിന്ന് വിലക്കുകയും ചെയ്തേനെ. കാലവും ലോകമെങ്ങും മുന്നോട്ട് പോവുകയും ചിന്താഗതികള്‍ ഉടച്ചു വാര്‍ക്കപെടുകയും ചെയ്യുമ്പോള്‍ നമ്മള്‍ അഭിമാനത്തോടെ യാഥാസ്ഥിതികതയിലേക്ക് തിരിഞ്ഞു നടക്കുകയാണ്.