ബസ് ചാര്‍ജ് വര്‍ദ്ധന മാര്‍ച്ച് 1 മുതല്‍

#

തിരുവനന്തപുരം (14-02-18) : സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം നിര്‍ദ്ദേശിച്ച നിരക്കു വര്‍ദ്ധന ഇന്നത്തെ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. പുതുക്കിയ ബസ്ചാര്‍ജ് മാര്‍ച്ച് 1 ന് നിലവില്‍ വരും.

പുതിയ ടിക്കറ്റ് നിരക്കുകളില്‍ സ്വകാര്യ ബസ് ഉടമകള്‍ തൃപ്തരല്ല. മിനിമം ചാര്‍ജ് 10 രൂപ ആക്കണമെന്നതായിരുന്നു സ്വകാര്യ ബസ്സുടമകളുടെ ആവശ്യം. അതിന് ആനുപാതികമായി മറ്റു നിരക്കുകളിലും വര്‍ദ്ധനവ് വേണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. പുതുക്കിയ നിരക്ക് അനുസരിച്ച് ഓര്‍ഡിനറി സര്‍വ്വീസുകളില്‍ 8 രൂപയും ഫാസ്റ്റ് പാസഞ്ചറുകളില്‍ 11 രൂപയുമായിരിക്കും മിനിമം ചാര്‍ജ്. നിലവില്‍ ഓര്‍ഡിനറി ബസ്സുകളില്‍ 7 രൂപയും ഫാസ്റ്റ് പാസഞ്ചറുകളില്‍ 10 രൂപയുമാണ് മിനിമം നിരക്ക്.

വിദ്യാര്‍ത്ഥികളുടെ സൗജന്യനിരക്കില്‍ ബസ്ചാര്‍ജ് വര്‍ദ്ധനവിന് ആനുപാതികമായ വര്‍ദ്ധനവുണ്ടാകും. എന്നാല്‍ ബസ്ചാര്‍ജ് വര്‍ദ്ധനവ് അപര്യാപ്തമായതിനാല്‍ വിദ്യാര്‍ത്ഥികളുടെ നിരക്കിലെ മാറ്റം നാമമാത്രമാണെന്നാണ് സ്വകാര്യ ബസ്സുടമകളുടെ പരാതി.