സാംസ്കാരിക നായകരുടെ നാവു പൊന്തുന്നില്ല : വി.ടി.ബൽറാം

#

(14-02-18) : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും വോട്ട്‌ ചെയ്ത എല്ലാ കേരളീയർക്കും കണ്ണൂരിന്റെ മണ്ണിൽ വീണ ശുഹൈബിന്റെ ചോരയിൽ പരോക്ഷ ഉത്തരവാദിത്തമുണ്ടെന്ന് വി.ടി.ബൽറാം എം.എൽ.എ. നിരന്തരം താത്വിക, പ്രത്യയശാസ്ത്ര വാചകക്കസർത്തുകൾ നടത്തി, മാനവികതയുടേയും സഹിഷ്ണുതയുടേയുമൊക്കെ പ്രബന്ധങ്ങൾ രചിച്ച്‌, ഫാഷിസ്റ്റ്‌ വിരുദ്ധതയുടെ പേരുപറഞ്ഞ്‌ ഈ ക്രിമിനൽ സംഘത്തിനനുകൂലമായി കേരളീയ പൊതുബോധത്തെ രൂപപ്പെടുത്തിയ ഇവിടത്തെ "സാംസ്ക്കാരിക നായകന്മാരു"ടേത്‌ കൊടിയ വഞ്ചനയാണെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ബൽറാം പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക നായകരെ രൂക്ഷമായ ഭാഷയിൽ ബൽറാം വിമർശിച്ചു. മാധ്യമ, സിനിമാ, സാംസ്ക്കാരിക രംഗങ്ങളടക്കിവാഴുന്ന ഈ സിപിഎം അടിമകളാണ് പാർട്ടിയുടെ കൊലക്കത്തി രാകി മൂർച്ച കൂട്ടിക്കൊടുക്കുന്നതെന്ന് ബൽറാം ആരോപിച്ചു. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളുടെ തൊണ്ണൂറ്റഞ്ച്‌ ശതമാനത്തിലും ഏതെങ്കിലുമൊരു ഭാഗത്ത്‌ സിപിഎം ഉണ്ട്‌ എന്നത്‌ മറച്ചുപിടിച്ചുകൊണ്ടാണ്‌ അസഹിഷ്ണുതക്കെതിരെയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുമൊക്കെയുള്ള സിപിഎമ്മിന്റെ കപടനാടകങ്ങളിൽ ഇക്കൂട്ടർ സ്വയം കോലം കെട്ടിയാടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമിക്ക്‌ ഭാരമായ ഈ പാഴ്ജന്മങ്ങളെ തിരിച്ചറിയാൻ കൂടി ഇതൊരു അവസരമാണെന്ന പ്രസ്താവത്തോടെയാണ് എഫ്.ബി കുറിപ്പ് അവസാനിക്കുന്നത്.