ഗായകൻ മത്തായി സുനിലിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

#

കൊല്ലം (14-02-18) : ഫോക്‌ ലോർ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര പിന്നണി ഗായകനുമായ മത്തായി സുനിലിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.പത്തനംതിട്ട കൊടുമൺ കണ്ടത്തിൽ കാവ് ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച്  ശാസ്താംകോട്ട പാട്ടുപുര നടത്തിയ ആട്ടക്കളം എന്ന പ്രോഗ്രാമിനു ശേഷമാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മത്തായിക്കും നാടൻപാട്ട് സംഘത്തിലെ കലാകാരനായ ബൈജു മലനടക്കും സാരമായ പരിക്കേറ്റു.

നാടൻപാട്ട് അവതരണത്തിന് ശേഷം സംഘത്തിലെ പെൺകുട്ടികളോട് പരിപാടി കാണാനെത്തിയ ഒരു സംഘം അപമര്യാദയായി പെരുമാറുകയും ഇത് തടയാൻ ശ്രമിച്ച മത്തായിയേയും ബൈജുവിനെയും വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ പെൺകുട്ടികൾക്കൊപ്പം നിന്ന് സെൽഫി എടുക്കണമെന്ന ആവശ്യവുമായി ഒരുസംഘം എത്തുകയും ഇവർ പെൺകുട്ടികളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അക്രമത്തിൽ നിന്ന് രക്ഷപെടാനായി പെൺകുട്ടികൾ ഇവർ എത്തിയ വാഹനത്തിൽ കയറിയപ്പോൾ പിന്നാലെയെത്തിയ സംഘം വാഹനത്തിന്റെ ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും വിൻഡോ ഗ്ലാസ് സോഡാകുപ്പി ഉപയോഗിച്ച് പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്‌തു. പെൺകുട്ടികളുടെ നിലവിളികേട്ടാണ് മത്തായിയും ബൈജുവും എത്തിയത്. പെൺകുട്ടികളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഇവരെ അസഭ്യം പറയുകയും വളഞ്ഞിട്ട് അക്രമിക്കുകയുമായിരുന്നു.

അക്രമത്തിൽ പരിക്കേറ്റ മത്തായിയും ബൈജുവും അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കൊടുമൺ പോലീസിൽ പരാതി നൽകിയാതായി മത്തായി സുനിൽ പറഞ്ഞു. 20 വർഷത്തിലേറെയായി നാടൻപാട്ട് രംഗത്തുള്ള തങ്ങൾക്കെതിരെ  ആദ്യമായാണ് ഇത്തരത്തിൽ ആക്രമണം നടക്കുന്നത് എന്ന് മത്തായി പറഞ്ഞു.

നാടൻ പാട്ട് എനിക്ക് ജീവിതം : സൗഹൃദങ്ങളാണ് എനിക്ക് മുതൽക്കൂട്ട്