തന്ത്രപ്രധാന ചര്‍ച്ചകള്‍ക്ക് ഇറാന്‍ പ്രസിഡന്റ് നാളെ ഇന്ത്യയില്‍

#

ന്യൂഡല്‍ഹി (14-02-18) : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് 3 ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൗഹാനി നാളെ ഇന്ത്യയിലെത്തും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രാധാന്യമുള്ള ചബഹര്‍ തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി രണ്ടു രാഷ്ട്രനേതാക്കളും വിലയിരുത്തും. പാകിസ്ഥാനില്‍ കടക്കാതെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെടാന്‍ ചബഹര്‍ തുറമുഖം വഴി കഴിയും. പാകിസ്ഥാനില്‍ ചൈന നിര്‍മ്മിക്കുന്ന ഗ്വദര്‍ തുറമുഖത്തിന് ബദലായാണ് ഇന്ത്യ ചബഹര്‍ തുറമുഖത്തെ കാണുന്നത്. മധ്യേഷ്യന്‍ രാജ്യങ്ങളിലെ വിപണിയുമായി ഇന്ത്യയുടെ ബന്ധം വിപുലപ്പെടുത്തുന്നതിനും ചബഹര്‍ തുറമുഖം സഹായകമാകും.

കഴിഞ്ഞ നവംബറില്‍ ചബഹര്‍ തുറമുഖം വഴി ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് കയറ്റി അയച്ചിരുന്നു. ഡിസംബറില്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജ് റഷ്യയില്‍ നിന്നുള്ള മടക്കയാത്രയില്‍ ടെഹ്‌റാനില്‍ ഇറങ്ങി ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ചബഹര്‍ തുറമുഖ നിര്‍മ്മാണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. അഫ്ഗാനിസ്ഥാനിലേക്കും ഇറാനിലേക്കും ഇന്ത്യന്‍ ചരക്കുകള്‍ അയക്കുന്നതിന് പാകിസ്ഥാന്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ ചബഹര്‍ തുറമുഖം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇല്ലാതാകും.