വെള്ളിത്തിരയ്ക്ക് വിട : ഇനി മുഴുവൻസമയവും രാഷ്ട്രീയപ്രവർത്തനത്തിനെന്ന് കമൽ ഹാസ്സൻ

#

ബോസ്റ്റൺ (14-02-18) : മൂന്ന് പതിറ്റാണ്ടിലധികമായി നിറഞ്ഞുനിന്ന വെള്ളിത്തിരയോട് വിടപറയുന്നതായി നടൻ കമൽഹാസൻ. മുഴുവന്‍സമയവും രാഷ്ട്രീയപ്രവര്‍ത്തനത്തിനായി നീക്കിവെക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. ബോസ്റ്റണിലെ ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമലിന്റെ വെളിപ്പെടുത്തൽ.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു കമലിന്റെ മറുപടി. നീതിപൂർവകമായ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണു തന്റെ ആഗ്രഹം. രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ 37 വർഷമായി താൻ സന്നദ്ധപ്രവർത്തക മേഖലയിലുണ്ടായിരുന്നു. ഈ കാലയളവിൽ പത്തുലക്ഷത്തോളം പ്രവർത്തകരെ നേടാനായെന്നും കമൽ പറഞ്ഞു.

ഒരു നടന്‍ എന്ന നിലയില്‍മാത്രം അറിയപ്പെട്ട് ജീവിതം തീര്‍ക്കാന്‍ താത്പര്യമില്ലാത്തിനാലാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നതെന്നും ജനങ്ങളെ സേവിച്ചുകൊണ്ടായിക്കും തന്റെ മരണമെന്നും കമല്‍ പറഞ്ഞു. എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പാണ്; കാവിയല്ല. ദ്രാവിഡ സംസ്‌ക്കാരത്തെ സംരക്ഷിക്കുന്നതായിരിക്കും തന്റെ രാഷ്ട്രീയം എന്നു പറഞ്ഞ കമല്‍ മുഖ്യമന്ത്രിയാവുകയല്ല തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.