സി.പി.എമ്മിന്റെ രാഷ്ട്രീയ വൈരമാണ് ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിൽ

#

കണ്ണൂർ (14-02-18) : യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് എഫ്.ഐ.ആർ. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് മുപ്പതോളം പേരെ ചോദ്യം ചെയ്തുവെന്നും ഒരു സി.ഐ.ടി.യു പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തെന്നും സൂചനകളുണ്ട്.

തട്ടുകടയിൽ ചായകുടിച്ചുകൊണ്ടിരുന്ന ഷുഹൈബിനെ കാറിൽ എത്തിയ സംഘം ആക്രമിച്ചതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും പ്രതികളെപ്പറ്റി സൂചനകൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ഫോൺകോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. മട്ടന്നൂർ സി.ഐ യുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട്  ജില്ലാ പോലീസ് മേധാവിയും സജീവമായുണ്ട്.

സി.പി. എമ്മിനുള്ളിലെ ക്രിമിനലുകളെ ക്വട്ടേഷൻ സംഘമായി ഉപയോഗിച്ചാണ് കൊലപാതകങ്ങൾ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. പോലീസിന്റെ രാഷ്ട്രീയ വിധേയത്വം അന്വേഷണത്തെ ബാധിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.