പ്രധാനമന്ത്രിയുടെ പരീക്ഷാ പരിശീലനം: ദളിത് വിദ്യാർത്ഥികളുടെ ഇരിപ്പിടം കുതിരലായത്തിൽ

#

ഹിമാചൽ (19-02-18) :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷാ പരിശീലനം സംപ്രേഷണം ചെയ്യുന്ന സമയത്ത് ഗവണ്‍മെന്‍റ് സ്കൂളിലെ ദളിത് വിദ്യാര്‍ത്ഥികളെ കുതിരകളെ സംരക്ഷിക്കുന്ന ലായത്തിൽ ഇരുത്തിയത് വിവാദമാകുന്നു. ഹിമാചൽ പ്രദേശിലെ കുളുവിലാണ് പ്രധാനമന്ത്രിയുടെ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് സർക്കാർ സ്കൂളിലെ ദളിത് വിദ്യാർത്ഥികൾക്ക് അധ്യാപികയിൽനിന്ന് വിവേചനം നേരിടേണ്ടിവന്നത്.

പ്രധാനമന്ത്രിയുടെ പരിപാടി കുട്ടികള്‍ കാണുന്നതിനുള്ള സൗകര്യങ്ങള്‍ വെളളിയാഴ്ച സ്കൂള്‍ അധികൃതര്‍ ഒരുക്കിയിരുന്നു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അധികൃതരുടെ താമസസ്ഥലത്തായിരുന്നു ഇതിനായി സജ്ജീകരണങ്ങൾ ചെയ്തത്. ഈ സമയത്ത് മെഹര്‍ ചന്ദെന്ന അധ്യാപിക പരിപാടി കഴിയുന്നത് വരെ ടിവി വച്ചിരിക്കുന്ന മുറിയുടെ പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് ദളിത് വിദ്യാര്‍ത്ഥികളുടെ പരാതി. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് കുളു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി.

സംഭവം വിവാദമായതിനെ തുടർന്ന് സ്കൂൾ അധികൃതർ ഖേദപ്രകടനം നടത്തി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരദ്വാജ് വിദ്യാഭ്യാസ സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ സമയത്തും സ്കൂളിൽ ദലിത് വിദ്യാർഥികൾ വിവേചനനം നേരിടേണ്ടിവരുന്നതായും പരാതിയിൽ പറയുന്നുണ്ട്.