പെൻഷൻ പ്രായം ഉയർത്തൽ : ജോയിന്റ് കൗൺസിലിന്റെ ആവശ്യം സർക്കാർ തളളി

#

തിരുവനന്തപുരം (20-02-18) :  സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം 60 വയസായി ഉയർത്തണമെന്ന  ആവശ്യം സർക്കാർ തള്ളി. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ഈ ആവശ്യം ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകിയിരുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്ന ആവശ്യം സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി തോമസ് ഐസക് ജോയിന്റ് കൗൺസിലിന്റെ ആവശ്യം നിരസിച്ച് ഫയൽ അവസാനിപ്പിക്കാൻ ഉത്തരവിട്ടു.  ഇതോടെ പെൻഷൻ പ്രായം ഉയർത്താൻ നീക്കമുണ്ടെന്ന അഭ്യൂഹങ്ങൾക്കു വിരാമമായി. ഇതുസംബന്ധിച്ച് കഴിഞ്ഞ ഡിസംബറിലാണ് സംഘടന ധനമന്ത്രി ഡോ. തോമസ് ഐസക്കിന് നിവേദനം നൽകിയത്. തങ്ങളുടെ ആവശ്യം അനുകൂലമായി സർക്കാർ പരിശോധിക്കുകയാണെന്ന് സംഘടന തന്നെ പ്രചരണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.