നഴ്‌സുമാരുടെ സമരം; യു.എൻ.എ വൈസ്പ്രസിഡന്റ് നിരാഹാരം ആരംഭിച്ചു

#

ചേർത്തല (20-02-18) :  ചേർത്തല കെവിഎം ഹോസ്പിറ്റലിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിച്ചിരുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതനെ പൊലീസ് ബലമായി അറസ്റ്റുചെയ്തുനീക്കിയതിനെ തുടർന്ന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് സിബി മുകേഷ് നിരാഹാര സമരം ആരംഭിച്ചു. 11 ദിവസമായി നിരാഹാരത്തിലായിരുന്ന സുജനപാലിൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്ന ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സുജനപാലിനെ അറസ്റ്റുചെയ്തു നീക്കുമ്പോൾ യുഎൻഎസംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ഷോബി ജോസഫ്, കൊല്ലം ജില്ലാ പ്രസിഡൻ്റ് ബിനു തേമസ്, കോട്ടയം ജില്ലാ സെക്രട്ടറി കിരൺ ജോഷി തുടങ്ങിയവരും കെവിഎം ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാരും മറ്റു യുഎൻഎ പ്രവർത്തകരും സമരപന്തലിലുണ്ടായിരുന്നു.

കെവിഎം നഴ്സിംഗ് സമരം ഒത്തുതീർപ്പാക്കുക, ശമ്പള പരിഷ്കരണം നടപ്പിൽ വരുത്തുക, ട്രെയിനിംഗ് സമ്പ്രദായം നിർത്തലാക്കുക, പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്  യുഎൻഎ നിരാഹാരമുൾപ്പടെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. ഇതേ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് മാർച്ച് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്കിന് യുഎൻഎ നോട്ടീസ് നൽകിയിട്ടുണ്ട്.