വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിച്ച് സ്വകാര്യബസ്സുകള്‍

#

കൊല്ലം (20-02-18) : സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ച് ബസ്സുകള്‍ നിരത്തിലിറക്കാന്‍ ഉടമകള്‍ തയ്യാറായെങ്കിലും പല സ്ഥലങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം നല്‍കാന്‍ ബസ് ജീവനക്കാര്‍ തയ്യാറാകുന്നില്ലെന്ന് വ്യാപകമായ പരാതി. സമരം പിന്‍വലിച്ചതായി ബസ്സുടമകളുടെ സംഘടനകള്‍ അറിയിച്ചതിനു പിന്നാലെ ബസ്സുകള്‍ ഓടിത്തുടങ്ങി. പല ബസ്സുകളിലും വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ടിക്കറ്റ് നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല.

കൊല്ലം എസ്.എന്‍.കോളേജ് ജംഗ്ഷനില്‍ നിന്ന് ഒരു സ്വകാര്യ ബസ്സില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ക്കാർക്കും സൗജന്യടിക്കറ്റ് നല്‍കാന്‍ കണ്ടക്ടര്‍ തയ്യാറായില്ല. ഇതിനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളോട്, ഇത് ബസ്സുടമ സംഘടനകളുടെ തീരുമാനമാണെന്നും ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണ ചാര്‍ജ് നല്കണമെന്നും ജീവനക്കാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കൊല്ലം നഗരത്തിലോടുന്ന പല ബസ്സുകളിലും സംഘര്‍ഷത്തിന്റെ വക്കോളമെത്തി.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യബസ്സുകളില്‍ യാത്രാസൗജന്യം നിഷേധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ലോറന്‍സ് ബാബു അറിയിച്ചു. നിയമപ്രകാരം മാത്രമേ തങ്ങള്‍ പ്രവര്‍ത്തിക്കൂ എന്നു പറഞ്ഞ അദ്ദേഹം, അതേസമയം വിദ്യാര്‍ത്ഥികളാണെന്ന് തെളിയിക്കുന്ന കാര്‍ഡ് വിദ്യാര്‍ത്ഥികളുടെ കയ്യിലുണ്ടാകണമെന്നും ഇപ്പോള്‍ 2 പുസ്തകം കയ്യില്‍ പിടിക്കുന്ന ആര്‍ക്കും യാത്രാസൗജന്യം നല്‍കേണ്ട അവസ്ഥയാണുള്ളതെന്നും അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ മുന്‍കൂര്‍ പണം അടച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്‍സെഷന്‍ അനുവദിച്ചിട്ടുള്ളത്. അതും മാസം 50 യാത്രയ്ക്ക് മാത്രം. സ്വകാര്യ ബസ്സുകളിൽ ഒരുദിവസം രണ്ടു യാത്രയ്ക്ക് മാത്രമായി സൗജന്യം ചുരുക്കണമെന്ന ആവശ്യം തങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ഉന്നയിക്കുമെന്നും ലോറന്‍സ് ബാബു അറിയിച്ചു.