ആപ് എം.എല്‍.എമാര്‍ മര്‍ദ്ദിച്ചെന്ന് ചീഫ് സെക്രട്ടറി

#

ന്യൂഡല്‍ഹി (20-02-18) : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ വെച്ച് 2 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ തന്നെ മര്‍ദ്ദിച്ചതായി ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ശു പ്രകാശ്. ഡല്‍ഹി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു വേണ്ടി ചിലവാക്കുന്ന തുകയില്‍ വര്‍ദ്ധനവ് വരുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിപ്പിച്ച ചീഫ് സെക്രട്ടറിയെ അവിടെ വെച്ച് പ്രകാശ് ജാര്‍വാള്‍, അമാനുള്ളഖാന്‍ എന്നീ എം.എല്‍.എമാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും അദ്ദേഹത്തിന്റെ കണ്ണട പൊട്ടുകയും ചെയ്തതായി ഐ.എ.എസ് ഓഫീസ്സേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. രണ്ട് എം.എല്‍.എമാര്‍ക്കും എതിരേ നടപടി വേണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നതായി ആരോപിക്കപ്പെടുന്നത്. അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ നിന്ന് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വീട്ടിലെത്തി ചീഫ് സെക്രട്ടറി പരാതി അറിയിക്കുകയുണ്ടായി. ആരോപണങ്ങള്‍ ബാലിശമാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. പരസ്യത്തിനുള്ള തുക വര്‍ദ്ധിപ്പിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും ആധാര്‍ നടപ്പിലാകാത്തതു മൂലം 2.5 ലക്ഷം കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയാത്ത പ്രശ്‌നം ചര്‍ച്ച ചെയ്യാനായിരുന്നു ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി വിളിപ്പിച്ചതെന്നും ചില എം.എല്‍.എമാരെ മോശം ഭാഷയില്‍ ആക്ഷേപിച്ചതിനുശേഷം സ്ഥലം വിടുകയാണ് ചീഫ് സെക്രട്ടറി ചെയ്തതെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് പറഞ്ഞു. ബി.ജ.പിക്കു വേണ്ടി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചീഫ് സെക്രട്ടറിയെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി.