പി.ജയരാജനുമായി വാക്കേറ്റം കണ്ണൂരിലെ സമാധാന യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു

#

കണ്ണൂർ (21-02-18) : ഷുഹൈബിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ച സമാധാന യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ യു.ഡി.എഫ് ജനപ്രതിനിധികളെ അവഗണിക്കുകയും കെ.കെ.രാഗേഷ് എം.പിയെ വേദിയിൽ ഇരുത്തുകയും ചെയ്തത് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ചോദ്യം ചെയ്യുകയും ഇതിനെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ രംഗത്ത് വരികയും ചെയ്തതോടെയാണ് യുഡിഎഫ് യോഗം ബഹിഷ്കരിക്കുകയായിരുന്നു.

മന്ത്രി നിയന്ത്രിക്കേണ്ട യോഗം പി ജയരാജന്‍ നിയന്ത്രിക്കുന്നത് നാണക്കേടാണെന്ന് പാച്ചേനി കുറ്റപ്പെടുത്തി. ജനപ്രതിനിധികളുടെ യോഗമല്ല പാര്‍ട്ടി പ്രതിനിധികളുടെ യോഗമാണ് വിളിച്ചതെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പിന്നെ എങ്ങിനെയാണ് രാഗേഷ് പങ്കെടുക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ചോദിച്ചു. അത് പാര്‍ട്ടി പ്രതിനിധിയായിട്ടാണെന്ന് മന്ത്രി വിശദീകരിച്ചു.ഇതേതുടർന്ന് യോഗ ഹാളിനു പുറത്ത് ഉണ്ടായിരുന്ന  എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെ.എം. ഷാജി എന്നിവരും വേദിയിലെത്തി തങ്ങൾക്കും ഇരിപ്പിടം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജനപ്രതിനിധികളെ യോഗത്തില്‍ വിളിച്ചില്ലെന്ന് യോഗത്തിന് നേതൃത്വം നല്‍കിയ മന്ത്രി എ.കെ ബാലന്‍ അറിയിച്ചതോടെ വാക്ക് തര്‍ക്കം രൂക്ഷമാവുകയായിരുന്നു.

ഇതിനു പിന്നാലെ കോൺഗ്രസ് യോഗം ബഹിഷ്കരിച്ചു. യോഗത്തിൽനിന്നു നേതാക്കൾ ഇറങ്ങിപ്പോയി.