തിരുവനന്തപുരം മൃഗശാലയിൽ യുവാവ് സിംഹക്കൂട്ടിലേക്ക് ചാടി

#

തിരുവനന്തപുരം (21-02-18) : മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ ജീവനക്കാർ സാഹസികമായി രക്ഷപെടുത്തി. തിരുവനന്തപുരം മൃഗശാലയിൽ രാവിലെ 11 നായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശിയായ മുരുകനാണ്  സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയത്.

സിംഹക്കൂടിന്റെ  പുറക് വശത്തുകൂടെയാണ് മുരുകന്‍ എടുത്ത് ചാടിയത്. ഒരു കൂട്ടില്‍ രണ്ട് വയസ്സുള്ള ഒരു സിംഹവും മറ്റൊരു കൂട്ടില്‍ മൂന്ന് സിംഹവുമാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് വയസ്സുള്ള ഗ്രേസിയെന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് യുവാവ് ചാടിയത്.  ഇത് കണ്ട വാച്ച്മാന്‍ മൃഗശാല ജീവനക്കാരെ വിളിച്ചുകൂട്ടി. ജീവനക്കാരെത്തി സിംഹത്തെ ദൂരേക്ക് ഓടിച്ചശേഷം യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. കൂട്ടിലേക്ക് ചാടിയ സമയത്ത് സിംഹം ഇയാളുടെ അടുത്തുവരെ എത്തിയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സിംഹക്കൂട്ടിൽനിന്ന് രക്ഷപെടുത്തുന്നതിനിടെ മുരുകന്റെ കാലിന് ചെറിയ പരിക്കേറ്റു.