അധികാരം നിലനിർത്താൻ പ്രായോഗിക മാർഗ്ഗങ്ങൾ തേടി സി.പി.എം സമ്മേളനം

#

തൃശൂര്‍ (22-02-18) : സി.പി.എം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായ സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ തുടങ്ങുന്നത്. അഖിലോന്ത്യാതലത്തില്‍ സ്വീകരിക്കേണ്ട അടവുനയം സംബന്ധിച്ച് പാര്‍ട്ടി പ്രകടമായും രണ്ടു ചേരിയായി തിരിഞ്ഞിരിക്കുന്നു. 1964 ല്‍ സി.പി.എം രൂപീകരിക്കപ്പെട്ടതിനുശേഷം പാര്‍ട്ടിക്കുള്ളിൽ ഇത്ര ആഴത്തിലുള്ളതും  പ്രകടവുമായ ചേരിതിരിവ് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പാര്‍ട്ടിയിലെ ഏറ്റവും പ്രബലമായ രണ്ടു സംസ്ഥാന ഘടകങ്ങളും രണ്ടു ചേരിയിലായി നിലയുറപ്പിച്ചിരിക്കുകയാണ്. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച രേഖ കേന്ദ്രക്കമ്മിറ്റി തള്ളുക എന്ന അസാധാരണ സ്ഥിതിയാണ് നില നില്‍ക്കുന്നത്. കേരളത്തിലെ പാര്‍ട്ടിയിലെ മഹാഭൂരിപക്ഷം ജനറല്‍ സെക്രട്ടറിക്ക് എതിരായ ചേരിയിലാണ്. സി.പി.എം അഖിലേന്ത്യാതലത്തില്‍ രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായും രണ്ടു ചേരിയായി തിരിഞ്ഞു നില്‍ക്കുമ്പോള്‍ സംഘടനാപരവും ധാര്‍മ്മികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രൂക്ഷമായ പ്രതിസന്ധിയാണ് കേരളത്തിലെ പാര്‍ട്ടി അഭിമുഖീകരിക്കുന്നത്.

പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി ഭരിക്കുകയും മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന പോളിറ്റ്ബ്യൂറോ അംഗം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലപാതകങ്ങള്‍ നടത്തുകയും ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ജില്ലാക്കമ്മിറ്റി സെക്രട്ടറി, പോലീസ് അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തുകയും പോലീസ് അന്വേഷണത്തിനു പുറമേ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ നിലപാട് തള്ളി, പോലീസ് അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ടെത്തിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നുളള വാര്‍ത്തകള്‍ സി.പി.എം സംഘടനയ്ക്കുളളിലെ ഗുരുതരമായ വിള്ളലുകള്‍ പുറത്തുകൊണ്ടുവരികയാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകള്‍ പാര്‍ട്ടിയെ ഒന്നാകെ പ്രതിരോധത്തിലാക്കിയതിന്റെ സമ്മര്‍ദ്ദം നിലനില്‍ക്കുമ്പോഴാണ് തൃശ്ശൂരില്‍ സംസ്ഥാന സമ്മേളനം നടക്കുന്നത്. തുറന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിനിധികള്‍ അറയ്ക്കുന്ന തരത്തില്‍ പാര്‍ട്ടിക്കുളളിലെ അന്തരിക്ഷത്തില്‍ പിരിമുറുക്കം നിറഞ്ഞിരിക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന് എതിരേ യു.എ.ഇയിലെ ഒരു വ്യവസായി കേന്ദ്രനേതൃത്വത്തിന് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ഏറ്റവും ഉന്നതരായ നേതാക്കളില്‍ നിന്നാണെന്ന സംശയം ശക്തമാണ്. ആരെയും ആര്‍ക്കും വിശ്വാസമില്ലാത്ത അവസ്ഥയാണ് പാര്‍ട്ടിയില്‍. നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതശൈലിയില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ പാര്‍ട്ടിക്കുളളില്‍ അവസരം ലഭിക്കാത്തതിന്റെ അതൃപ്തിയും അസന്തുഷ്ടിയും പ്രകടമാണ്. ധാര്‍മ്മികതയ്ക്ക് വില നല്‍കാത്ത, ആര്‍ഭാടം നിറഞ്ഞ ജീവിതം നയിക്കുന്നവര്‍ക്കാണ് പാര്‍ട്ടിയില്‍ എല്ലാ തലങ്ങളിലും പ്രാമുഖ്യം ലഭിക്കുന്നത്. ഭരണവുമായി ബന്ധപ്പെട്ട് വളര്‍ന്നു ശക്തിപ്പെടുന്ന സാമ്പത്തിക അധോലോകം പാര്‍ട്ടിയില്‍ പിടിമുറുക്കുന്നത് പാര്‍ട്ടിയുടെ തീരുമാനങ്ങളെയും പ്രവര്‍ത്തനത്തെയും കാര്യമായി സ്വാധിനിക്കുന്നുണ്ട്.

ബജറ്റ് വില്പനയുള്‍പ്പെടെ ഗുരുതരമായ അഴിമതി ആരോപണങ്ങളുടെ പേരിൽ  പാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്ന കെ.എം.മാണിയെ ഒപ്പം കൂട്ടുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായത്തിലേക്ക് സി.പി.എം എത്തുന്നതില്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയിരിക്കുന്ന സാമ്പത്തിക ശക്തികള്‍ക്ക് വലിയ പങ്കുണ്ട്. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സമ്മേളനങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ല. ധാര്‍മ്മികതയ്ക്കല്ല, അധികാരം നിലനിര്‍ത്തുന്നതിനാണ് പാര്‍ട്ടി പ്രാധാന്യം നില്‍ക്കുന്നതെന്ന സന്ദേശം ശക്തമായി എല്ലാ തലങ്ങളിലും എത്തിയിട്ടുള്ളതിനാലാണ് ആശയപരമായി നിലവാരമുള്ള വിമര്‍ശനങ്ങളുയരാതിരുന്നത്.  ഇടതു രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകര്‍ പൊതുവേ നിശ്ശബ്ദരും സാവകാശം നിര്‍ജ്ജീവരുമായി മാറുമ്പോള്‍ പ്രായോഗികമാത്രവാദികള്‍ ശക്തിപ്പെടുകയും പാര്‍ട്ടിയെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നതാണ് സി.പി.എമ്മിൽ എല്ലാ തലങ്ങളിലും കാണാന്‍ കഴിയുക. അധികാരം നിലനിര്‍ത്താനുള്ള പ്രായോഗിക സമീപനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ചര്‍ച്ചകളും തീരുമാനങ്ങളുമാകും 22-ാം സംസ്ഥാന സമ്മേളനത്തിലുണ്ടാകുക എന്നുറപ്പ്.