വരാനിരിക്കുന്നത് കോണ്‍ഗ്രസിന്റെ നല്ലകാലം : പവാര്‍

#

മുംബൈ (22-02-18) : ദേശീയതലത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്ന് ശരദ് പവാര്‍. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സംഘടന ദുര്‍ബ്ബലമായെങ്കിലും ഇനി വരാന്‍ പോകുന്നത് കോണ്‍ഗ്രസിന്റെ നല്ല ദിവസങ്ങളാണെന്ന് പവാര്‍ പറഞ്ഞു. പവാറിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അദ്ദേഹം പഠിച്ച പൂനയിലെ മഹാരാഷ്ട്ര കോളേജ് ഓഫ് കോമേഴ്‌സില്‍ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സഭ നേതാവ് രാജ് താക്കറെയുമായി നടത്തിയ പരസ്യ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എന്‍.സി.പി നേതാവ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിക്കാനും ശരദ് പവാര്‍ മറന്നില്ല. പഠിക്കാന്‍ തയ്യാറാണ് രാഹുല്‍. വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നേതാവാണ് രാഹുലെന്നും അദ്ദേഹത്തില്‍ നിന്ന് പലതും പഠിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു.