പോളിടെക്നിക് -ഐ.ടി.ഐ ഡിപ്ലോമക്കാരെ തഴയാൻ നീക്കം

#

തിരുവനന്തപുരം (22-02-18) :  സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ അസി.എൻജിനീയർ തസ്തികയിലേക്കുള്ള നിയമനം എൻജിനീയറിംഗ് ബിരുദധാരികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ നീക്കം. നിലവിൽ സർവ്വീസിൽ ഓവർസിയർമാരായി ജോലി ചെയ്യുന്ന പോളിടെക്നിക് - ഐ.ടി.ഐ ഡിപ്ലോമക്കാർക്ക്  നിശ്ചിത ശതമാനം അസി.എൻജിനീയർ തസ്തികകളിൽ പ്രമോഷൻ നൽകാറുണ്ട്. ഇത് അവസാനിപ്പിക്കാനും എൻജിനീയറിംഗ് തസ്തികകൾ എൻജിനീയറിംഗ് ബിരുദധാരികൾക്ക് മാത്രമായി പരിമിതപ്പെടുത്താനും പത്താം ശമ്പളക്കമ്മീഷന്റെ ഒരു ശുപാർശയുടെ മറ പിടിച്ചാണ് ശ്രമങ്ങൾ നടക്കുന്നത്.

ഡിപ്ലോമക്കാരെ ഒഴിവാക്കുന്ന പുതിയ നിബന്ധനകൾ ഉൾപ്പെടുത്തി പൊതുമരാമത്ത്‌ സ്പെഷ്യൽ റൂൾ ഭേദഗതി ഫെബ്രുവരി 26 ന് പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ അംഗീകരിക്കാനാണ് നീക്കം. പൊതുമരാമത്ത്, ജലസേചനം, ഹാർബർ, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിൽ മൂന്നാം ഗ്രേഡ് ഓവർസിയറായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഇരുപത് വർഷത്തിലധികം കാലത്തെ സേവനത്തിനു ശേഷമാണ് രണ്ടാം ഗ്രേഡ് ഓവർസിയറായി പ്രമോഷൻ ലഭിക്കുക. തുടർന്ന് ഒന്നാം ഗ്രേഡ് ഓവർസിയർ ആയി പ്രമോഷൻ ലഭിക്കണമെങ്കിൽ വർഷങ്ങൾ കഴിയണം. പലരും ഒന്നാം ഗ്രേഡ് ഓവർസിയർ ആകാതെയാണ് സർവീസിൽനിന്ന് വിരമിക്കുന്നത്.

നിലവിൽ ഒന്നാം ഗ്രേഡ് ഓവർസിയർമാരിൽ വളരെ കുറച്ച് പേർക്ക് 1958 മുതലുള്ള സ്പെഷ്യൽ റൂൾ പ്രകാരം അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നുണ്ട്. കാൽ നൂറ്റാണ്ടിലധികം ഓവർസിയർമാരായി വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഓവർസിയർമാർക്ക്  റിട്ടയർ ചെയ്യുവാൻ കുറച്ച് കാലം മാത്രം ബാക്കിയുള്ളപ്പോൾ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന അസിസ്റ്റന്റ് എൻജിനീയർ  തസ്തികയിലേക്കുള്ള പ്രമോഷൻ എടുത്തു കളയുന്നതോടെ ഒന്നാം ഗ്രേഡ് ഓവർസിയർ ആയി സർവ്വീസിൽ ജോലിക്ക് വരുന്ന ഡിപ്ലോമക്കാർക്ക് അതേ തസ്തികയിൽ ഇരുന്ന് തന്നെ റിട്ടയർ ചെയ്യേണ്ടിവരും. പ്രമോഷൻ പോസ്റ്റ് ഇല്ലാത്തതിനാൽ ഗ്രേഡ് പോലും ലഭിക്കില്ല.

സംസ്ഥാനത്തെ പൊളി ടെക്നിക്കുകളിലും ഐ.ടി.ഐകളിലും തൊഴിലധിഷിത വിദ്യാഭ്യാസം നേടിയവരുടെ തൊഴിൽ സാധ്യതയെ പ്രതികൂലമായി ബാധിക്കുന്ന സർക്കാർ നീക്കത്തിന് എതിരെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യന്ന ഡിപ്ലോമക്കാരും പോളിടെക്‌നിക് - ഐ.ടി.ഐ വിദ്യാർത്ഥികളും പ്രക്ഷോഭരംഗത്തേക്ക് നീങ്ങുകയാണ്. കേരള എൻജിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പബ്ലിക് ഓഫീസിനു മുന്നിൽ ഫെബ്രുവരി 26 ന് സ്‌പെഷ്യൽ റൂൾസിന്റെ കരടുരൂപം കത്തിക്കും. പൊതുമരാമത്ത്, ജലസേചനം, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർമാർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഈ വകുപ്പുകളുടെ മേധാവികളായി ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും കേരള എൻജിനീയറിംഗ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.