പട്ടിണിക്കാരനെ തല്ലിക്കൊല്ലുന്ന പുരോഗമന കേരളം

#

(23-02-18) : സമൂഹത്തിന്റെ നീതി ബോധത്തില്‍ പുരോഗമന കേരളം അഭിമാനം കൊണ്ടു കോരിത്തരിക്കുകയാണ്. അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് മോഷണം നടത്തി എന്ന് കണ്ടു പിടിച്ച "നാട്ടുകാർ" തൽക്ഷണം നീതി നടപ്പാക്കുകയായിരുന്നു. അടിയേറ്റു മരിക്കാറായ യുവാവിനെ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനിലെത്തിക്കുക എന്ന ചുമതല മാത്രമേ പൊലീസിന് നിറവേറ്റേണ്ടി വന്നുള്ളൂ. മധുവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചവര്‍ തന്നെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുക എന്ന വലിയ സാമൂഹ്യ ഉത്തരവാദിത്വവും നിർവ്വഹിച്ചു. ഒരു മോഷ്ടാവിനെ ശിക്ഷിച്ച് നീതി നടപ്പാക്കുന്ന കാഴ്ച ജനങ്ങളൊന്നാകെ കാണാന്‍ വേണ്ടിയാണ് മൊബൈലില്‍ പകര്‍ത്തിയത്.

പ്രകടമായും പോഷാകാഹാരക്കുറവുള്ള, മാനസിക പ്രശ്‌നങ്ങളുള്ള ഒരു ആദിവാസി യുവാവിനെ കൂട്ടം കൂടി തല്ലിക്കൊന്ന നാട്ടുകാര്‍, കേരളം നേടിയെന്ന് അഭിമാനിക്കുന്ന പുരോഗമനത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികളാണ്. കേരളത്തില്‍ ആദിവാസി, ദളിത് വിഭാഗങ്ങളില്‍ പെട്ടവരെ പണവും പഠിത്തവുമുള്ളവർ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് അട്ടപ്പാടിയിൽ ഇന്നലെ കണ്ടത്.

അട്ടപ്പാടിയില്‍ മധു മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാവില്ല. ഭരണകൂടവും പോലീസും ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരാണെന്ന വ്യക്തമായ ബോധ്യമാണ് അവര്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ബാധം നടത്താന്‍ "നാട്ടുകാര്‍"ക്ക്  ധൈര്യം നല്‍കുന്നത്. നൂറുകണക്കിന് ആദിവാസികള്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കാണാതാകുകയും ചെയ്തിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ പോലും ശ്രമങ്ങളുണ്ടായിട്ടില്ല.

ആദിവാസി മേഖലകളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ആദിവാസി-ദളിത് പീഡനം. കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ 2016 ഒക്‌ടോബറില്‍ ഒരു കുറ്റവും ചെയ്യാത്ത 2 ദളിത് യുവാക്കളെ 6 ദിവസം അന്യായ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ പോലും നടപടിയുണ്ടായില്ല. അതേമാസം തന്നെ കൊല്ലത്ത് കുണ്ടറ പോലീസ് സ്റ്റേഷനില്‍ പെറ്റിക്കേസില്‍ കസ്റ്റഡിയിലെടുത്ത ദളിത് യുവാവിന്റെ മൃതദേഹമാണ് വീട്ടുകാര്‍ക്ക് കിട്ടിയത്. ആ സംഭവത്തിലും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പേരിലും നടപടിയുണ്ടായില്ല. അശാന്തന്റെ മൃതദേഹത്തെ അവഹേളിച്ചതിലും വടയമ്പാടിയിലെ  ജാതിമതിലിലും വരെ എത്തിനില്‍ക്കുന്ന ദളിതർക്കെതിരായ ആക്രമണങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയുണ്ട്.

പണവും അധികാരവുമുള്ളവരുടെ കയ്യിലാണ് ഭരണം എന്ന് തിരിച്ചറിഞ്ഞ്, സ്വയം സംഘടിക്കുക എന്ന ഒറ്റ മാർഗ്ഗമാണ് ആദിവാസി- ദളിത് സമൂഹത്തിന് മുന്നിലുള്ളത്. പുറത്തു നിന്ന്, നയിക്കാൻ വരുന്നവരെ ആട്ടിയോടിക്കാൻ അടിച്ചമർത്തപ്പെട്ടവർ തയ്യാറാകണം. എം.സുകുമാരന്റെ കഥയിലെ വാക്കുകൾ ഓർക്കുക. "നിന്റെ രക്തവുമായി സാമ്യമുള്ളവരെ നീ കണ്ടെത്തുക, തിരിച്ചറിയുക, സംഘം ചേരുക."