ബാർകോഴക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

#

ന്യൂഡൽഹി (23-02-18) : ബാർകോഴക്കേസിൽ കെ.എം.മാണിക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. നിലവിൽ വിജിലൻസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കേസിൽ ഇടപെടുന്നില്ലെന്നു പറഞ്ഞാണ് ഹർജി തള്ളിയത്. വിജിലൻസ് അന്വേഷണത്തിൽ പരാതികളുണ്ടെങ്കിൽ പിന്നീട് ഹർജി സമർപ്പിക്കാമെന്നും കോടതി പറഞ്ഞു.  വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായ നോബിൾ മാത്യു സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

ഹർജിയിന്മേൽ വിശദമായ വാദം പോലും കേൾക്കാതെയാണു ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.നിലവിൽ വിജിലൻസ് അന്വേഷണം നടക്കട്ടെ, അതിൽ ഇടപെടാനില്ല. അന്വേഷണം അവസാനിച്ചശേഷം പരാതിയുണ്ടെങ്കിൽ ഉചിതമായ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, ഭാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.