അപരന്റെ നിലവിളി സംഗീതം പോലെ ശ്രവിക്കുന്ന നമ്മൾ

#

(23-02-18) : ആൾക്കൂട്ട ആക്രമണങ്ങൾക്കു ഒരുപാട് നൂറ്റാണ്ടുകളുടെ ചരിത്രം നമ്മോടു പറയാനുണ്ട്. മനുഷ്യ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥയിൽ മേൽക്കൈ നേടിയവർ കൂട്ടം ചേർന്ന് തങ്ങളിൽ പെടാത്തവനെ, അപരനെ, തങ്ങൾ കൈവശപ്പെടുത്താൻ, നേടിയെടുക്കാൻ ആഗ്രഹിക്കുന്നതിന്റെ ചരിത്രാതീത കാലം മുതൽക്കുള്ള യഥാർത്ഥ ഉടമയെ തല്ലിക്കൊന്നിട്ടുണ്ട്. അത് ആഘോഷമാക്കിയിട്ടുമുണ്ട്.

1800 കളിലും ഏതാണ്ട് 1950 വരെയും അമേരിക്കയിൽ വെള്ളക്കാർ കൂട്ടം കൂടി കറുത്തവനെ തല്ലിക്കൊല്ലുന്നതു അത്ര വലിയ വാർത്തയല്ലായിരുന്നു. ഇരയ്‌ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതും അത് പോസ്റ്റ് കാർഡായി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുന്നതും സാധാരണമായിരുന്നു. ചിലപ്പോഴൊക്കെ കൊല്ലപ്പെട്ടവന്റെ ശരീര ഭാഗങ്ങൾ സോവനീർ ആയി അഭിമാനപൂർവം പ്രദർശിപ്പിക്കാൻ പെറുക്കി കൊണ്ട് പോകുകയും ചെയ്യുമായിരുന്നു.

ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിവിധ സമൂഹങ്ങളിൽ മേൽക്കൈ നേടിയവർ ഇത്തരത്തിൽ ആൾക്കൂട്ട നീതി നടപ്പിലാക്കിയിട്ടുണ്ട്. ആദ്യം അവർ അപരനെ സൃഷ്ടിക്കും, തങ്ങളിൽ പെടാത്തവനെ. തങ്ങളിൽ നിന്ന് എന്തൊക്കെയോ കവർന്നെടുക്കാൻ ശ്രമിക്കുന്നവനെ. തങ്ങളുടെ നിലനിൽപിന് തന്നെ ഭീഷണിയായവനെ. പിന്നെ കൂട്ടം ചേർന്ന് കൊല്ലവനെ എന്ന് ആക്രോശിക്കും. തല്ലിക്കൊല്ലും, സെൽഫിയെടുക്കും അതൊരു വാർത്ത പോലുമല്ലാതാക്കും. നമ്മൾ ചരിത്രത്തിലെ അത്തരമൊരു ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. അപരന്റെ നിലവിളി സംഗീതം പോലെ ശ്രവിക്കുന്നവരുടെ കാലഘട്ടത്തിലൂടെ. ഇന്ത്യ മുഴുവൻ അതിവേഗം ഈ അപരവൽക്കരണം പടർന്നു പിടിക്കുകയാണ്. കേരളവും ഒട്ടും പിന്നിലല്ല. നമ്മൾ എന്ന ഏകത്വത്തിനു പകരം ഞാനും അവനും എന്ന അപരത്വമാണ് നമ്മുടെ അബോധമനസ്സുകളിലേക്കു തിരുകിക്കയറ്റപ്പെടുന്നത്.

ഒരു വ്യക്തി ഒരാൾക്കൂട്ടത്തിന്റെ ഭാഗമായി മാറുമ്പോൾ അയാളുടെ അബോധമനസ്സിലെ ദുർഭൂതങ്ങളെ ഉത്തരവാദരഹിതമായി തുറന്നു വിടുകയാണ് ചെയ്യുന്നത് എന്ന് ഫ്രോയിഡ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ആ അർത്ഥത്തിൽ അട്ടപ്പാടിയിലെ ആ നിഷ്കളങ്ക യുവാവിന്റെ കൊലപാതകത്തിൽ,കൊലയാളികളുടെ അബോധ മനസ്സിൽ വംശീയത കുത്തിനിറച്ചതിൽ പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന നമുക്കോരോരുത്തർക്കും പങ്കുണ്ട്.