പാവങ്ങൾ പാർട്ടിയെ കൈവിട്ടുവെന്ന് സി.പി.എം പ്രവർത്തന റിപ്പോർട്ട്

#

തൃശ്ശൂർ (23-02-18) : പാവങ്ങൾ പാർട്ടിയിൽ നിന്ന് അകന്നെന്നും സാധാരണക്കാർക്കിടയിൽ പാർട്ടിയുടെ സ്വാധീനം കുറഞ്ഞെന്നും ഒടുവിൽ സി.പി.എം തിരിച്ചറിഞ്ഞു. പാർട്ടി സംസ്ഥാനസമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലാണീ സ്വയം വിമർശനം.

പാവങ്ങളിൽ ഭൂരിഭാഗവും പാർട്ടിക്കൊപ്പമായിരുന്നു. എന്നാല്‍ അതില്‍ മാറ്റമുണ്ടായി. ഈമാറ്റം ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. കാലാകാലങ്ങളിൽ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് വര്‍ധിക്കുന്നില്ല.

പാർട്ടി നേതാക്കളുടെയും അണികളുടെയും ശൈലിയിലും  ഗുണകരമല്ലാത്ത മാറ്റങ്ങളുണ്ട്. സ്ഥാനമാനങ്ങൾ കൈക്കലാക്കുന്നതിനുള്ള ആഗ്രഹം പാർട്ടിക്കാരിൽ വേരൂന്നിക്കഴിഞ്ഞു. ഇതിനായി പാർട്ടി തത്വങ്ങൾ അട്ടിമറിക്കുകയാണ് പലരും. പാർട്ടി തീരുമാനം അനുകൂലമല്ലെങ്കിൽ പരസ്യമായി വെല്ലുവിളിക്കുകയാണ് പാർട്ടി അതുവരെ നൽകിയതൊക്കെ മറക്കുകയും ചെയ്യുന്നു എന്നുള്ള കുറ്റപ്പെടുത്തലും പ്രവർത്തന റിപ്പോർട്ടിലുണ്ട്.