അട്ടപ്പാടി കൊലപാതകം : മധുവിന്റെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു

#

പാലക്കാട് (23-02-18) : മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ ബന്ധുക്കളും നാട്ടുകാരും അട്ടപ്പാടിയിൽ റോഡ് ഉപരോധിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ മധുവിന്റെ ബന്ധുക്കളെ കാണിക്കാത്തതിൽ പ്രതിഷേധിച്ചാണ്  ഉപരോധം.

നേരത്തെ കുറ്റവാളികളെ പിടികൂടാതെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് മധുവിന്റെ ബന്ധുക്കൾ മൃതദേഹം കയറ്റിയ ആംബുലൻസ് തടഞ്ഞിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്നാണ് ആംബുലൻസ് കടന്നുപോകാൻ പ്രതിഷേധക്കാർ അനുവദിച്ചത്.

മോഷണം നടന്നുവെന്ന്  ആരോപണമുന്നയിച്ച കടയുടമ ഹുസൈന്‍, കരീം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ പേര്‍ കസ്റ്റഡിയിലുള്ളതായി പോലീസ് അറിയിച്ചു. മുഴുവന്‍ പ്രതികളേയും ഇന്നു തന്നെ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു. എന്നാൽ അറസ്റ്റിലായ പ്രതികളെ മധുവിന്റെ ബന്ധുക്കളെ കാണിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇത് അനുവദിക്കാത്തതിനെത്തുടർന്ന് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും പിന്നീട് റോഡ് ഉപരോധിക്കുകയുമായിരുന്നു.