അഭിമാനത്തോടെ ജീവിക്കാൻ ഓരോ മനുഷ്യരും പ്രതികരിക്കുക : നാടക്

#

തിരുവനന്തപുരം (23-02-18) : പല മനുഷ്യ വിരുദ്ധ പ്രവൃത്തികളുടെയും പേരിൽ വെറുപ്പോടെ അനുസ്മരിയ്ക്കുന്ന നാടുകളുടെ പട്ടികയിലേക്ക് കേരളവും വീണു പോയിരിയ്ക്കുന്നുവെന്ന് നാടക പ്രവർത്തകരുടെ സംഘടന, നെറ്റ് വർക്ക് ഓഫ്‌ ആർട്ടിസ്റ്റിക് തീയേറ്റർ ആക്ടിവിസ്റ്റ്‌സ് കേരള (നാടക്). ഒരു മനുഷ്യനെ സംഘം ചേർന്ന് തല്ലിക്കൊന്നു, ചിരിച്ചു സെൽഫി എടുത്തു നവ മാധ്യമങ്ങളിൽ പ്രചരിപ്പിയ്ക്കുന്ന തരം സാംസ്ക്കാരികതയാണോ നൂറ്റാണ്ടുകളുടെ ത്യാഗത്തിലൂടെ നമ്മൾ നേടിയതെന്ന്, നാടക് ചോദിക്കുന്നു. അഗളി വനാന്തരത്തിൽ ജീവിച്ച മധു എന്ന ആദിവാസി ചെറുപ്പക്കാരൻ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചു എന്ന കുറ്റത്തിന് കൊല ചെയ്യപ്പെട്ടിരിയ്ക്കുന്നു. പട്ടിണി, അതിന്റെ ഭാഗമായുള്ള മോഷണം, അതിന്റെ പേരിൽ മർദിച്ചു കൊലപ്പെടുത്തുന്ന നവ മോറലിസ്റ്റുകൾ. നമ്മൾ അറിഞ്ഞ നാടല്ല നമ്മുടേതെന്ന തോന്നൽ ഓരോരുത്തരിലും നിർമ്മിയ്ക്കാൻ ഈ ഹീന പ്രവൃത്തി കാരണമാകുന്നതായി നാടക് സംസ്ഥാന സെക്രട്ടറി ജെ.ശൈലജ പ്രസ്താവനയിൽ പറഞ്ഞു.

പരിഷ്കൃതരെന്നു മേനി നടിക്കുന്നവർക്കു കൂട്ടം ചേർന്നാൽ ആരെയും എന്തും ചെയ്യാം, നിയമവും നീതിയും പട്ടിണി അനുഭവിയ്ക്കുന്നവർക്കു അർഹതപ്പെട്ടതല്ല എന്ന്‌ ഈ സംഭവം പറയുന്നു. നമ്മുടെ സംസ്കാരവും കലയും ഇതിൽ നിന്നും മാറി നിൽക്കും എന്നു എങ്ങനെ പ്രതീക്ഷിയ്ക്കാനാകും? മധു എന്ന മനുഷ്യൻ ഇവിടെ ജീവിയ്ക്കാനുള്ള സ്വാഭാവിക അവകാശം നിഷേധിയ്ക്കപ്പെട്ടാണ് മടങ്ങിയത്. ഇതു വേദനയും അപമാനവും അസഹിഷ്ണുതയും ഉണ്ടാക്കുന്നു. വളരുന്ന സമൂഹത്തിന് നമ്മൾ പകരുന്ന ബോധം ഇതാകരുതെന്നു പ്രസ്താവന പറയുന്നു. കേരളം നിലനിൽക്കാൻ, ഇവിടെ അഭിമാനത്തോടെ ജീവിയ്ക്കാൻ ഓരോരുത്തരും പ്രതികരിയ്ക്കേണ്ട അവസരമാണിതെന്ന് നാടക് ഓർമിപ്പിക്കുന്നു. കുറ്റക്കാരായ എല്ലാവരെയും നിയമപരമായി ശിക്ഷിയ്ക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.