പ്രവാസി വ്യവസായിയുടെ ആത്മഹത്യ : എ.ഐ.വൈ.എഫിനെതിരേ കുടുംബം

#

കൊല്ലം (24-02-18) : കൊല്ലം ജില്ലയിലെ വിളക്കുടി പഞ്ചായത്തില്‍ സുഗതന്‍ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്ക്ക് കാരണം എ.ഐ.വൈ.എഫാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ സുഗതന്‍ വിളക്കുടി ഇളമ്പലില്‍ ഒരു വര്‍ക്‌ഷോപ്പ് തുടങ്ങാനുള്ള ശ്രമങ്ങളിലായിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയില്‍ വര്‍ക്‌ഷോപ്പിനു വേണ്ടി ഷെഡ് കെട്ടുകയും ചെയ്തു. വര്‍ക്‌ഷോപ്പിനു വേണ്ടി കെട്ടിയ ഷെഡില്‍ കഴിഞ്ഞ ദിവസം സുഗതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വയല്‍ നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്, വര്‍ക്‌ഷോപ്പിനുവേണ്ടി കെട്ടിയ ഷെഡ്ഡിനു മുന്നില്‍ കൊടി കുത്തിയിരുന്നു. എ.ഐ.വൈ.എഫിന്റെ പ്രതിഷേധം മൂലം വര്‍ക്‌ഷോപ്പ് തുടങ്ങാന്‍ കഴിയില്ലെന്ന നിരാശയിലാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു. എ.ഐ.വൈ.എഫുകാര്‍ പണം ആവശ്യപ്പെട്ടിരുന്നെന്നും അതു നല്‍കാതിരുന്നതിനാലാണ് കൊടി കുത്തിയതെന്നും സുഗതന്റെ മകന്‍ ആരോപിച്ചു.

ഡാറ്റാ ബാങ്കില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് എതിരേയാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്നും സുഗതനുമായോ കുടുംബാംഗങ്ങളുമായോ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ലെന്നും എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്നതിനെതിരെയാണ് എ.ഐ.വൈ.എഫ് സമരം ചെയ്യുന്നതെന്നും പഞ്ചായത്ത് ഭരണത്തില്‍ ഭൂമാഫിയ പിടി മുറുക്കിയിരിക്കുകയാണെന്നും എ.ഐ.വൈ.എഫ് ആരോപിച്ചു. നിയമവിരുദ്ധമായി വയല്‍ നികത്തി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ഒത്താശ ചെയ്തവരാണ് സുഗതന്റെ മരണത്തിന് ഉത്തരവാദികളെന്ന് എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ സെക്രട്ടറി ജഗത്ജീവന്‍ലാലി പറഞ്ഞു.

സുഗതൻ തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 35 വര്‍ഷം ഗള്‍ഫില്‍ പണിയെടുത്ത  സുഗതന്‍ അവിടെ നിന്നും മടങ്ങിയത്തിയ ശേഷം ജീവനോപാധിക്കുവേണ്ടി വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ ഷെഡ് നിര്‍മ്മിച്ച സ്ഥലത്ത്  എ.വൈ.എഫ്.ഐ.ക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്താണ് സുഗതന്‍ ആത്മഹത്യചെയ്തതെന്നും  വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാടമായിരുന്ന സ്ഥലമെന്നു പറഞ്ഞാണ് കൊടികുത്തിയതെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. സംഭവം നടന്ന് ഇത്രയും സമയം കഴിഞ്ഞിട്ടും പൊലീസ് ആര്‍ക്കെതിരെയും കേസ് എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തില്‍ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.