കവിതയുടെ കാർണിവൽ മാർച്ച് 9 മുതൽ പട്ടാമ്പിയിൽ

#

പാലക്കാട് (27.02.2018) : ഇന്ത്യയിൽ കവിതയ്ക്ക് വേണ്ടി മാത്രം നടക്കുന്ന ഏറ്റവും വലിയ ഉത്സവമായ കവിതയുടെ കാർണിവലിന്റെ മുന്നാം പതിപ്പ് മാർച്ച് 9,10,11 തിയതികളിൽ പട്ടാമ്പി കോളേജിൽ നടക്കും. കവിത: പ്രതിരോധം, പ്രതിസംസ്കൃതി എന്ന പ്രമേയത്തെ മുൻ നിർത്തി നടത്തുന്ന ഇത്തവണത്തെ കാർണിവലിൽ ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരും എഴുത്തുകാരും സാമുഹ്യപ്രവർത്തകരും പങ്കെടുക്കും.

അഞ്ചുവേദികളിലായാണ് കാർണിവൽ നടക്കുക. കേരളീയ സാമൂഹ്യപ്രതിരോധചരിത്രവും കവിതയും തമ്മിലുള്ള പാരസ്പര്യം അന്വേഷിക്കുന്ന സെമിനാറുകൾ, പ്രഭാഷണപരമ്പര, നാടൻ പാട്ടുകൾ, പൊറാട്ടുനാടകം, പടയണി തുടങ്ങിയ നാടോടി രംഗാവിഷ്കാരങ്ങൾ, ദേശീയ കവിസമ്മേളനം. കലയും പ്രതിരോധവും എന്ന വിഷയത്തിൽ പ്രമുഖ ചിത്രകാരന്മാരും ശില്പികളും പങ്കെടുക്കുന്ന ചിത്ര ശീല്പ രചനകൾ, ഇൻസ്റ്റലേഷനുകൾ, നൃത്തം, നാടകം, കലാലയ വിദ്യാർത്ഥികൾക്കായി നടത്തുന്ന കവിതാ ക്യാമ്പ്, ഇരുനൂറോളം കവികൾ പങ്കെടുക്കുന്ന കവിതാവതരണങ്ങൾ ചിത്ര-പോസ്റ്റർ പ്രദർശനങ്ങൾ, ഡോക്യുമെന്ററികൾ എന്നിവ ഇത്തവണ കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ നിരൂപകയായ ഡോ. എം . ലീലാവതിയെ കാർണിവലിൽ ആദരിക്കും. വിവിധ അക്കാദമികളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും മലയാളനാട് വെബ്ബ് വാരികയുടെയും സഹകരണത്തോടെ പട്ടാമ്പി കോളേജ് മലയാളവിഭാഗമാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.

മുഹമ്മദ് മൊഹ്സിൻ എം എൽ. എ ചെയർമാനും മലയാളവിഭാഗം അദ്ധ്യക്ഷൻ ഡോ. എച്ച്. കെ. സന്തോഷ് ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാർണിവൽ പ്രതിനിധികൾക്കും കവിതാക്യാമ്പിൽ പങ്കെടുക്കുന്നവർക്കുമായുള്ള ഓൺ ലൈൻ രജിസ്റ്റ്രേഷൻ ആരംഭിച്ചു. പട്ടാമ്പി കോളേജിന്റെ വെബ്ബ്സൈറ്റായ  www.sngscollege.org യിൽ നേരിട്ട് അപേക്ഷിക്കാം.