ശ്രീദേവി അപമാനവും പീഡനവും നേരിട്ട ദുഃഖിതയായ സ്ത്രീ : രാം ഗോപാല്‍ വര്‍മ്മ

#

(27-02-18) : ജീവിതകാലം മുഴുവന്‍ ദുഃഖം സഹിക്കേണ്ടി വന്ന ഏകാകിയായ വ്യക്തിയായിരുന്നു ശ്രീദേവിയെന്ന് അവരുടെ കടുത്ത ആരാധകനും പ്രമുഖ ചലച്ചിത്ര സംവിധായകനുമായ രാംഗോപാല്‍ വര്‍മ്മ. എന്നും അസന്തുഷ്ടയായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ ആരാധകര്‍ക്കുള്ള കത്ത് എന്നപേരില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാം ഗോപാല്‍വര്‍മ്മ ശ്രീദേവിയുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്.

അമേരിക്കയില്‍ വെച്ച് തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെത്തുടര്‍ന്ന് ശ്രീദേവിയുടെ അമ്മയുടെ മാനസികനില തകരാറിലായിരുന്നു. മരണത്തിനുമുമ്പ് തന്റെ സ്വത്തു മുഴുവന്‍ അവര്‍ ശ്രീദേവിയുടെ പേരില്‍ എഴുതി വയ്ക്കുകയുണ്ടായി. എന്നാല്‍, മാനസികമായി സമനില തെറ്റിയിരുന്ന അമ്മ എഴുതിയ വില്‍പ്പത്രം സാധുവല്ലെന്ന് കാട്ടി വില്‍പ്പത്രം റദ്ദു ചെയ്യാന്‍ വേണ്ടി ശ്രീദേവിയുടെ സഹോദരി ശ്രീലത കേസ് കൊടുത്തു.

ആയിരങ്ങളുടെ ആരാധനാപാത്രമായിരുന്ന താരം യഥാര്‍ത്ഥത്തില്‍ കനത്ത ഒറ്റപ്പെടലാണ് അനുഭവിച്ചിരുന്നതെന്ന് രാം ഗോപാല്‍വര്‍മ്മ പറയുന്നു. സ്വന്തമായി പണമില്ലാത്ത അവസ്ഥയിലായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ വിവാഹം ഒട്ടും സന്തോഷകരമായിരുന്നില്ലെന്നാണ് രാം ഗോപാല്‍വര്‍മ്മയുടെ വിലയിരുത്തല്‍. ബോണികപൂറും ആദ്യഭാര്യ മോണ ഷൂറി കപൂറും തമ്മിലുള്ള ബന്ധം തകര്‍ത്തത് ശ്രീദേവിയാണെന്നായിരുന്നു ബോണി കപൂറിന്റെ അമ്മയുടെ ധാരണ. ഒരിക്കല്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബിയില്‍വെച്ച് ബോണി കപൂറിന്റെ അമ്മ പരസ്യമായി ശ്രീദേവിയുടെ വയറ്റത്ത് ഇടിക്കുകയുണ്ടായെന്ന് രാം ഗോപാല്‍വര്‍മ്മ എഴുതുന്നു.

തീര്‍ത്തും അസന്തുഷ്ടയായിരുന്നു ശ്രീദേവി. സ്വന്തം മാതാപിതാക്കളുടെയും പിന്നീട് ഭര്‍ത്താവിന്റെയും ഒടുവില്‍ മക്കളുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയയായി ജീവിക്കുകയായിരുന്നു അവരെന്ന് രാംഗോപാല്‍ വര്‍മ്മ എഴുതുന്നു. തന്റെ മക്കള്‍ സ്വീകരിക്കപ്പെടുമോ എന്ന ഉത്കണ്ഠ ശ്രീദേവിയെ അലട്ടിയിരുന്നു. ക്യാമറയ്ക്കു മുന്നില്‍ ആക്ഷനും കട്ടും പറയുന്നതിനിടയിലുള്ള സമയത്തു മാത്രമാണ് ശ്രീദേവിയെ സന്തുഷ്ടയായി കണ്ടിട്ടുള്ളതെന്നും വര്‍മ്മ പറയുന്നു.