ശ്രീദേവിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

#

മുംബൈ (28-02-18) : മുംബൈയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ അന്ത്യദര്‍ശത്തിനു വച്ച ശ്രീദേവിയുടെ മൃതദേഹത്തില്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ 9.30 നാണ് സുതാര്യമായ പേടകത്തില്‍ മൃതദേഹം അന്ത്യദര്‍ശനത്തിനു വെച്ചത്. അതിനു മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ആയിരക്കണക്കിന് ആളുകള്‍ ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ എത്തിച്ചേര്‍ന്നിരുന്നു.

മജന്തയും സ്വര്ണവര്ണവും ചേർന്ന കാഞ്ചീപുരം പട്ടു സാരി ധരിച്ച്, ദേശീയപതാക പുതപ്പിച്ചു കിടത്തിയ മൃതദേഹത്തില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും ചലച്ചിത്രപ്രവര്‍ത്തകരും സാധാരണക്കാരായ ആരാധകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ രാത്രി സ്വകാര്യവിമാനത്തില്‍ ദുബായിയില്‍ നിന്ന് മുംബൈയില്‍ എത്തിച്ച മൃതദേഹം രാവിലെ 9.30 ന് സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ എത്തുമ്പോള്‍ ഒരു നോക്ക് കാണാന്‍വേണ്ടി നീണ്ട ക്യൂ രൂപപ്പെട്ട് കഴിഞ്ഞിരുന്നു. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് സാധാരണക്കാരായ ആരാധകരുടെ വന്‍പ്രവാഹമാണുണ്ടായത്. 10 മണിക്കാണ് പൊതുജനങ്ങൾക്ക് പ്രവേശനം നല്‍കിത്തുടങ്ങിയതെങ്കിലും രാവിലെ 6 മണി മുതല്‍ ആളുകള്‍ ക്യൂവില്‍ നില്‍ക്കാന്‍ തുടങ്ങിയിരുന്നു.

ജാവേദ് അക്തര്‍, ഹേമമാലിനി, രേഖ, ജയ ബച്ചന്‍, ശബാന ആസ്മി,  അജയ്‌ദേവ്ഗണ്‍, മാധുരി ദീക്ഷിത്, കാജോള്‍, ഐശ്വര്യാറായ്, സഞ്ജയ്‌ലീല ബന്‍സാലി, ദീപിക പദുകോണ്‍, ചിരഞ്ജീവി, സുരേഷ് ഒബറോയ്, വിദ്യാബാലന്‍, ഷാഹിദ് കപൂര്‍ തുടങ്ങി നിരവധി പേർ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഇന്നലെ തന്നെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുകയുണ്ടായി.

2 മണിയോടെ സെലിബ്രേഷൻ സ്പോർട്സ് ക്ലബിൽ നിന്ന് വിലാപയാത്രയായി  മൃതദേഹം വിലെ പാർലെ ക്രിമറ്റോറിയത്തിലേക്ക് കൊണ്ടുപോയി. 3.30 ന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.