തെളിവു തരൂ; പണം നല്‍കാം : ഗൗതമിയോട് കമല്‍ഹാസന്റെ കമ്പനി

#

ചെന്നൈ (01-03-18) : കമല്‍ഹാസന്റെ സിനിമാ നിര്‍മ്മാണ സ്ഥാപനമായ രാജ്ഹൗസ് ഫിലിംസ് ഇന്റെര്‍നാഷണല്‍ നിര്‍മ്മിച്ച സിനിമകളില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന ആരോപണത്തിന് മറുപടിയുമായി രാജ്കമല്‍ ഫിലിംസ്. ദശാവതാരം, വിശ്വരൂപം എന്നീ സിനിമകളില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം തനിക്ക് ലഭിച്ചില്ലെന്നായിരുന്നു ഗൗതമിയുടെ ആരോപണം. ഈ രണ്ടു സിനിമകളും നിര്‍മ്മിച്ചത് തങ്ങളല്ലെന്ന് രാജ്കമല്‍ ഫിലിംസ് അറിയിച്ചു. ദശാവതാരം സിനിമ നിര്‍മ്മിച്ചത് ആസ്‌കാര്‍ ഫിലിംസും വിശ്വരൂപം നിര്‍മ്മിച്ചത് പി.വി.പി സിനിമാസുമാണെന്നാണ് രാജ്കമല്‍ ഫിലിംസ് പ്രസ്താവനയില്‍ പറയുന്നത്. തങ്ങള്‍ ഗൗതമിക്ക് എന്തെങ്കിലും തുക നല്‍കാനുണ്ടെങ്കില്‍ കൃത്യമായ തെളിവു ഹാജരാക്കുകയാണെങ്കില്‍ നല്‍കാമെന്നും രാജ്കമല്‍ ഫിലിംസ് വ്യക്തമാക്കി.

കമല്‍ഹാസന്‍ തികഞ്ഞ സ്വാര്‍ത്ഥനാണെന്നും തനിക്ക് ക്യാന്‍സര്‍രോഗം വന്നപ്പോള്‍ ഒരു സഹായവും ചെയ്തില്ലെന്നും കഴിഞ്ഞദിവസം തന്റെ ബ്ലോഗിലൂടെ കമല്‍ഹാസന്റെ മുന്‍ഭാര്യയും നടിയുമായ ഗൗതമി ആരോപിച്ചിരുന്നു. താന്‍ അഭിനയിച്ച സിനിമകള്‍ക്ക് കമല്‍ഹാസന്റെ നിര്‍മ്മാണക്കമ്പനി പ്രതിഫലം തന്നില്ലെന്ന ആരോപണവും ആ കുറിപ്പിലാണ് ഗൗതമി ഉന്നയിച്ചത്. കമല്‍ഹാസന്‍ പറയുന്നതോ ചെയ്യുന്നതോ ആയ ഒരു കാര്യവുമായും തനിക്ക് ബന്ധമില്ലെന്ന് ഗൗതമി വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രവേശനത്തിന് തയ്യാറെടുക്കുന്ന കമല്‍ഹാസന് കനത്ത ആഘാതമാണ് ഗൗതമിയുടെ ആരോപണങ്ങള്‍.