സോളാർ റിപ്പോർട്ട് : സ്വന്തം സർക്കാർ തീരുമാനത്തെ തള്ളി ഉമ്മൻ‌ചാണ്ടി

#

കൊച്ചി (01-03-18) : സ്വന്തം സർക്കാർ നിയമിച്ച സോളാർ കമ്മീഷനെ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. കമ്മീഷന്റെ ടേംസ്‌ ഓഫ് റഫറൻസ് നിശ്ചയിച്ചതിലും കമ്മീഷനെ നിയമിച്ചതിലും തെറ്റുപറ്റിയെന്നാണ് ഉമ്മൻചാണ്ടിയുടെ ആരോപണം. സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതിയിൽ അന്തിമ വാദം നടക്കുമ്പോഴായിരുന്നു സ്വന്തം സർക്കാരിന്റെ തീരുമാനത്തെ മുൻ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

സോളാർ കേസ് അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചതിൽ പിഴവുകൾ ഉണ്ടായിട്ടുണ്ട്. കംമീഷന്റെ ടേംസ്‌ ഓഫ് റഫറൻസ് നിശ്ചയിച്ചതിലും പിഴവുകൾ ഉണ്ടായിട്ടുണ്ട്. ടേംസ്‌ ഓഫ് റഫറൻസിൽ ഉൾപ്പെടാത്ത വിഷയത്തിൽപോലും കമ്മീഷൻ അന്വേഷണം നടത്തി എന്നും ഉമ്മൻചാണ്ടിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. കമ്മീഷന്റെ കണ്ടെത്തലുകൾ വെറും ആരോപണങ്ങൾ മാത്രമാണ്. കേസിലെ പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായർ നൽകിയ രഹസ്യ മൊഴി പോലും കമ്മീഷൻ അതേപോലെ റിപ്പോർട്ടിൽ പകർത്തി വെച്ചിരിക്കുകയാണെന്ന് കപിൽ സിബൽ പറഞ്ഞു.

നിങ്ങളുടെ സർക്കാർ തന്നെയല്ലേ കമ്മീഷനെ നിയമിച്ചതെന്നും എന്തുകൊണ്ടാണ് ആദ്യം കോടതിയെ സമീപികാതിരുന്നതെന്നും ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പരാതി ഉന്നയിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. സോളാർ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട മന്ത്രിസഭാ രേഖകൾ പരിശോധിക്കണമെന്നും കോടതി പറഞ്ഞു. രേഖകള്‍ നാളെത്തന്നെ ഹാജരാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.