വരാനിരിക്കുന്നത് കടുത്ത വേനൽ മുന്നറിയിപ്പുമായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

#

ന്യൂഡൽഹി  (01-03-18) : കേരളത്തെ കാത്തിരിക്കുന്നത് കൊടിയ വേനലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില 0.5 മുതല്‍ 1 ഡിഗ്രി വരെ കൂടും. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മൂന്ന് മാസത്തെ ശരാശരി താപനില സംബന്ധിച്ചാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഉത്തരേന്ത്യയ്ക്കൊപ്പം വരില്ലെങ്കിലും ഇത്തവണ കേരളത്തില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.  ഉത്തരേന്ത്യയില്‍ ഉയർന്ന താപനില രണ്ട് മുതല്‍ അഞ്ച് ഡിഗ്രി വരെ വർധിക്കാനാണ് സാധ്യത. ഇവിടങ്ങളില്‍ മേയ് വരെ മൂന്ന് മാസത്തെ ശരാശരി താപനില ഒരു ഡിഗ്രിക്ക് മുകളില്‍ വര്‍ധിക്കും. പര്‍വ്വത സംസ്ഥാനങ്ങളായ ഹിമാചലിലും ഉത്തരാഖണ്ഡിലുമാവും ശരാശരി താപനില ഏറ്റവും ഉയരുക. ആഗോള താപനമാണ് ചൂട് കൂടുന്നതിന്റെ പ്രധാന കാരണമെന്ന് പൂനെയിലെ കേന്ദ്ര കാലാവസ്ഥാ പ്രവചന വിഭാഗം തലവന്‍ ഡി.എസ് പൈ പറഞ്ഞ‌ു.