തോമസ് ചാണ്ടിക്കെതിരായ നോട്ടീസുകള്‍ ഹൈക്കോടതി റദ്ദാക്കി

#

കൊച്ചി (02-03-18) : കായല്‍ കയ്യേറി എന്ന് ആരോപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് നല്‍കിയ രണ്ട് നോട്ടീസുകളും ഹൈക്കോടതി റദ്ദാക്കി.  തോമസ് ചാണ്ടിക്കും ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കും നല്‍കിയ നോട്ടീസുകളില്‍ രേഖപ്പെടുത്തിയ സര്‍വ്വേനമ്പരുകള്‍ തെറ്റായിരുന്നു എന്ന് വ്യക്തമായതോടെയാണ് നോട്ടീസുകള്‍ റദ്ദ് ചെയ്തു.

സര്‍വ്വേ നമ്പരുകളില്‍ തെറ്റുപറ്റിയത് ക്ലറിക്കല്‍ മിസ്റ്റേക്ക് ആണെന്നായിരുന്നു കളക്ടര്‍ ടി.വി.അനുപമ നല്‍കിയ വിശദീകരണം. വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, സ്‌കൂള്‍ കുട്ടിയാണോ കളക്ടറുടെ കസേരയില്‍ ഇരിക്കുന്നതെന്ന് ചോദിച്ചു. തെറ്റായ സര്‍വ്വേ നമ്പരില്‍ നോട്ടീസ് നല്‍കുന്നത് തികച്ചും നിരുത്തരവാദപരമായ നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു.

തോമസ് ചാണ്ടിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും തണ്ണീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചു എന്നും നിയമലംഘനത്തിന്റെ പേരില്‍ നടപടി എടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 17 ന് കളക്ടര്‍ നല്‍കിയ നോട്ടീസാണ് ഹൈക്കോടതി റദ്ദു ചെയ്തത്. കേസ് ഇന്ന് പരിഗണിക്കുന്നതുവരെ നോട്ടീസിന് സ്റ്റേ അനുവദിച്ച് ഫെബ്രുവരി 21 ന് ഉത്തരവായിരുന്നു.