ത്രിപുര നൽകുന്ന പാഠങ്ങൾ

#

(03-03-18) : ത്രിപുരയിൽ 25 വർഷത്തെ തുടർച്ചയായ ഇടതുമുന്നണി ഭരണം അവസാനിച്ചിരിക്കുന്നു. 60 അംഗങ്ങളുള്ള ത്രിപുര നിയമസഭയിൽ 41സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിലെത്തി. 49 സീറ്റുകളുണ്ടായിരുന്ന സി.പി.എം 17 സീറ്റിൽ ഒതുങ്ങി. ഒരു സീറ്റും ജയിക്കാതെ കോൺഗ്രസ് ചിത്രത്തിന് പുറത്ത്.

2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 50 സീറ്റിൽ മത്സരിച്ച് എല്ലാ സീറ്റിലും തോല്ക്കുകയും 49 സീറ്റിൽ കെട്ടിവെച്ച പണം നഷ്ടപ്പെടുകയും ചെയ്ത പാർട്ടിയാണ് ബി.ജെ.പി. 1.54 ശതമാനം വോട്ടുകളാണ് അന്ന് അവർ നേടിയത്. 10 സീറ്റും 36.53 ശതമാനം വോട്ടുകളുമുണ്ടായിരുന്ന കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ ആകെ ലഭിച്ചത് 1.8 ശതമാനം വോട്ടുകൾ.

വോട്ടുശതമാനം നോക്കിയാൽ സി.പി.എമ്മിനുണ്ടായത് ഭീമമായ തകർച്ച എന്നു പറയാനാവില്ല. ഇപ്പോഴും വോട്ടു ശതമാനത്തിൽ ഒന്നാം സ്ഥാനത്ത് സി.പി.എമ്മാണ്. 2013 ൽ 48.11 ശതമാനം വോട്ടുനേടിയ സി.പി.എം ഇത്തവണ 43.7 ശതമാനം വോട്ട് നേടി. ബി.ജെ.പിക്ക് ലഭിച്ച 42.3 ശതമാനത്തെക്കാൾ 1.4 ശതമാനം വോട്ടുകൾ കൂടുതൽ നേടാൻ സി.പി.എമ്മിനു കഴിഞ്ഞു. കോൺഗ്രസിന്റെ വോട്ടിൽ 34.73 ശതമാനം കുറവാണുണ്ടായത്.

ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്, കോൺഗ്രസിന്റെ ചെലവിലാണ് ത്രിപുരയിൽ ബി.ജെ.പി നേട്ടം കൊയ്തത് എന്നാണ്. സി.പി.എമ്മിന്റെ വോട്ടുകളും ചെറിയതോതിൽ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. കോൺഗ്രസിനു നഷ്ടപ്പെട്ട വോട്ടുകളും സി.പി.എമ്മിന് നഷ്ടമായ വോട്ടുകളും ചേരുമ്പോൾ ഏകദേശം ബി.ജെ.പിക്ക് ലഭിച്ച വോട്ടുകളാകും. ബി.ജെപിയും സംഘപരിവാറും മുന്നോട്ടുവയ്ക്കുന്ന സവർണ്ണഹൈന്ദവതയുടെ രാഷ്ട്രീയത്തിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചെറിയ വേരോട്ടം പോലും ഉണ്ടാക്കാൻ കഴിയേണ്ടതല്ല. ത്രിപുരയിൽ മാത്രമല്ല, നാഗാലാൻഡിലും ബി.ജെ.പിയ്ക്കുണ്ടായിരിക്കുന്ന മുന്നേറ്റം അപകടകരമായ സൂചനകളാണ് നൽകുന്നത്.

ത്രിപുരയിലെ ഇടതുമുന്നണി ഭരണത്തെക്കുറിച്ച് കാര്യമായ ആക്ഷേപങ്ങൾ ഉന്നയിക്കാൻ എതിർചേരിയിലുള്ളവർക്ക് പോലും കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്ന മണിക് സർക്കാർ മുൻഗാമിയായ നൃപൻ ചക്രവർത്തിയെപ്പോലെ തന്നെ സാധാരണ ജനങ്ങൾക്കിടയിൽ അവരിലൊരാളായി ജീവിച്ച ജനങ്ങൾക്ക് പ്രിയങ്കരനായ നേതാവാണ്. എത്ര നല്ല ഭരണമാണെങ്കിലും ഒരു കക്ഷിയും മുന്നണിയും തന്നെ 25 വർഷം തുടർച്ചയായി ഭരിക്കുന്നത് ജനങ്ങളിൽ സ്വാഭാവികമായ മടുപ്പ് സൃഷ്ടിച്ചതാണെന്ന് ലഘുവായി വിശദീകരിക്കാൻ കഴിയുന്നതല്ല ത്രിപുരയിലെ ഇടതുമുന്നണിയുടെ പരാജയം. ഇടതുമുന്നണിയുടെ പരാജയം എന്നതിനെക്കാൾ ബി.ജെ.പിയുടെ വിജയമാണ് ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടത്.

വോട്ടുശതമാനത്തിൽ കാര്യമായ ഇടിവുണ്ടായില്ല എന്നതിനാൽ തന്നെ ഇടതുമുന്നണിയുടെയും സി.പി.എമ്മിന്റെയും ജനപിന്തുണ ഇല്ലാതായി എന്നോ ജനകീയാടിത്തറ തകർന്നു എന്നോ പറയാൻ കഴിയില്ല. പക്ഷേ, ബി.ജെ.പി കടന്നു കയറിയതെങ്ങനെ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അധികാരവും പണവും വൻതോതിൽ ദുർവിനിയോഗം ചെയ്യപ്പെട്ടു എന്ന് വ്യക്തം. ബി.ജെ.പിക്ക് എതിരായി ശക്തമായ നിലപാടെടുക്കാൻ മതേതര ജനാധിപത്യപ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസിന് കഴിയാതെ പോയി.

ത്രിപുരയിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ ബി.ജെ.പി കടന്നുകയറി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. ആകെ 20 പട്ടികവർഗ്ഗ സംവരണസീറ്റുകൾ ഉള്ളതിൽ 2 സീറ്റുകളിൽ മാത്രമാണ് സി.പി.എമ്മിന് ജയിക്കാൻ കഴിഞ്ഞത്. ബാക്കി 18 സീറ്റുകളിലും ജയിച്ചത് ബി.ജെ.പിയോ സഖ്യകക്ഷിയായ Indigenous Peoples Front of Tripura (IPFT) യോ ആണ്. ഐ.പി.എഫ്.ടിയുമായി ബി.ജെ.പി ഉണ്ടാക്കിയ ഐക്യമുന്നണി വൻവിജയം നേടി എന്നത് ത്രിപുരയുടെ സവിശേഷ സാഹചര്യം മനസ്സിലാക്കി തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞതിന്റെ വിജയമാണ്.

ദളിത്, ആദിവാസി ജനവിഭാഗങ്ങളുടെ പിന്തുണ ആർജ്ജിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടത് എന്തുകൊണ്ട് എന്ന് സത്യസന്ധമായ ആത്മപരിശോധന നടത്താൻ ത്രിപുരയുടെ അനുഭവം ഇടതുപക്ഷത്തെ പ്രേരിപ്പിക്കേണ്ടതാണ്. ദളിത്, ആദിവാസി വിഭാഗങ്ങളുടെ വോട്ടു നേടാൻ ബി.ജെ.പി സ്വീകരിക്കുന്നതുപോലെയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കണം ഇടതുപക്ഷം എന്നല്ല പറയുന്നത്. മറിച്ച് ആ ജനവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും അവരിൽ നിന്ന് നേതാക്കൾ ഉയർന്നുവരാൻ അവസരങ്ങൾ സൃഷ്ടിക്കുകയും യഥാർത്ഥ ദളിത്, ആദിവാസി പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് ഉയർന്നുവരുന്ന സമരങ്ങളിൽ ആത്മാർത്ഥതയോടെ പങ്കു ചേരുകയുമാണ് ഇടതുപക്ഷം ചെയ്യേണ്ടത്. ദളിത്, ആദിവാസി ജനവിഭാഗങ്ങൾ അകന്നു പോകുന്നതിന്റെ കാരണങ്ങൾ എന്താണെന്ന് സത്യസന്ധതയോടെ വിശകലനം ചെയ്യുകയും ജാതിയോടുള്ള തങ്ങളുടെ സമീപനവും ദളിത് വിരുദ്ധമായ നിലപാടുകളും അതിനു ഇടയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം. ത്രിപുരയിലെ അനുഭവം രാജ്യത്താകെ ഇടതുപക്ഷത്തിന് പാഠമാകേണ്ടത് പ്രധാനമായും  ഈ വിഷയത്തിലാണ്. ദളിത്, ആദിവാസി ജനവിഭാഗങ്ങളിൽ നിന്നും ദരിദ്രരിൽ നിന്നുമകന്ന് നഗരങ്ങളിലെ ഇടത്തരം ബുദ്ധിജീവികളുടെ ലഘുവിനോദോപാധിയായി ഇടതുപക്ഷം തകർന്നു നാമാവശേഷമാകാതിരിക്കണമെങ്കിൽ അടിസ്ഥാന ജനവിഭാഗത്തോടൊപ്പം നിന്ന് നിശിതമായ സ്വയം വിമർശനത്തിലൂടെ തിരുത്തലിന് തയ്യാറായേ മതിയാകൂ.