ജാതിമതിലുകൾക്ക് എതിരായ സമരം : ദളിതർ ഒറ്റയ്ക്കായതെന്തുകൊണ്ട്?

#

(05-03-18) : ദളിതരുടെയും ആദിവാസികളുടെയും സമരഭൂമികളിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളും പ്രധാന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും എന്തു കൊണ്ടു പങ്കുചേരുന്നില്ല എന്ന ചോദ്യം ആഴത്തിൽ ചർച്ച ചെയ്യേണ്ടതാണ്. നവോത്ഥാനകാലത്ത് ദളിതരുടെയും പിന്നാക്കക്കാരുടെയും അവകാശസമരങ്ങളെ സർവ്വാത്മനാ പിൻതുണച്ചിരുന്ന ക്രിസ്ത്യൻ മുഖ്യധാരയും മുസ്ലീം സംഘടനകളിലെ മുഖ്യധാരയും ഇന്ന് അവർണ്ണർക്കൊപ്പമില്ല. അന്നും ഇന്നും ദളിതരുയർത്തുന്ന പ്രശ്നം ഒന്നു തന്നെയാണ്. ആശയപരമായി ആ പ്രശ്നങ്ങളോട് ഐക്യപ്പെടാൻ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്റ്റുകൾക്കും ബാധ്യതയുമുണ്ടായിട്ടും അവരിരുകൂട്ടരും ദളിത് സമരങ്ങളോട് ഐക്യപ്പെടാതെ നിൽക്കുന്നു. അതിനുള്ള കാരണങ്ങൾ വ്യത്യസ്തമെന്നുമാത്രം.

ഓരോ പഞ്ചായത്തിലും നഗരസ്വഭാവത്തോടു കൂടിയ ഒന്നോ അതിലധികമോ ചെറുകേന്ദ്രങ്ങളുള്ള നാടാണിന്ന് കേരളം. വിശാലാർത്ഥത്തിൽ കേരളം ഒരു നഗരവും മലയാളി ഒരു മധ്യവർഗ നാഗരികനുമായി തീർന്നിരിക്കുന്നു. സ്വാഭാവികമായും മധ്യവർഗ താൽപര്യങ്ങൾ മുഖ്യധാരയുടെ താൽപര്യങ്ങളും മധ്യവർഗ വീക്ഷണങ്ങൾ മുഖ്യധാരയുടെ രാഷ്ട്രീയവുമായി പരിണമിക്കുന്നു. അങ്ങനെ കർഷകന്റെയും തൊഴിലാളിയുടെയും ജീവിത യാഥാർത്ഥ്യങ്ങളെ വകഞ്ഞുമാറ്റി മധ്യവർഗ്ഗത്തിന്റെ ദൈനംദിന വ്യവഹാരങ്ങളോട് മാത്രം സംവദിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും വശപ്പെട്ടു പോയിരിക്കുന്നു. സ്വാഭാവികമായും ഓട്ടത്തിൽ ബഹുദൂരം പിന്നിലായിപ്പോയ ചെറുന്യൂനപക്ഷമായി ദളിതനും ആദിവാസിയും നിലകൊള്ളുന്നു. അവരുടെ പ്രശ്നങ്ങൾ കേരളത്തിന്റെ മുഖ്യപ്രശ്നങ്ങളായി പരിഗണിക്കപ്പെടാത്തത് അവർ മധ്യവർഗമല്ലാത്തതുകൊണ്ടും മുഖ്യധാരക്കു പുറത്തായതു കൊണ്ടുമാണ്. പാർട്ടികളിലെ നിർണ്ണായക ഘടകങ്ങളിലെ വർഗഘടന മധ്യവർഗ മുഖ്യധാരക്കു പുറത്തുള്ളവരെ കൂടി ഉൾപ്പെടുത്തുന്ന തരത്തിൽ ബോധപൂർവ്വം അഴിച്ചുപണിയാത്തിടത്തോളം കാലം ഭൂസമരങ്ങളുടെയും ജാതിമതിലിന്റെയും സംവരണത്തിന്റെയും രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മനസിലാകാതെ പോകുക തന്നെ ചെയ്യും.

നവോത്ഥാന കാലത്തെ അപേക്ഷിച്ച് സാമൂഹ്യ രാഷ്ടീയ രംഗങ്ങളിൽ ദളിത് സമൂഹം ഒറ്റപ്പെടുകയോ പിന്നോട്ടടിക്കപ്പെടുകയോ ആണ് ചെയ്തത് എന്ന യാഥാർത്ഥ്യത്തെ ജീവിത നിലവാരസൂചികളെ ഉയർത്തിപ്പിടിച്ചു കൊണ്ടും ജീവനില്ലാത്ത സ്ഥിതിവിവരക്കണക്കുകൾ കൊണ്ടും ഇനിയും അധികകാലത്തേക്ക് മറച്ചു പിടിക്കാനാവില്ല. വിദ്യഭ്യാസ ആരോഗ്യരംഗങ്ങളിൽ ദളിതർ തൃപ്തികരമായ നില കൈവരിച്ചിട്ടുണ്ട് എന്നു കണക്കുകൾ നിരത്തിയോ, പൊതു ഇടങ്ങളിൽ അവർ ജാതി വിവേചനം അനുഭവിക്കുന്നില്ല എന്ന് ഉത്തരേന്ത്യൻ അനുഭവങ്ങളെ താരതമ്യം ചെയ്തോ എളുപ്പത്തിൽ സ്ഥാപിക്കാനാകും. വേണ്ടത് ഉത്തരേന്ത്യൻ - കേരള ദളിത് അവസ്ഥാ താരതമ്യങ്ങളല്ല. മറിച്ച് കേരളത്തിനകത്തുള്ള പരസ്പര താരതമ്യങ്ങളാണ്. ഒരു നൂറ്റാണ്ടു മുൻപ് ഓരോ സമുദായവും ജീവിതത്തിന്റെ നാനാതുറകളിൽ എവിടെ നിന്നിരുന്നുവെന്നും ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നും പഠിക്കപ്പെടുകയും അതുമായി ദളിത് ജീവിതാവസ്ഥകൾ താരതമ്യം ചെയ്യപ്പെടുകയും വേണം.

കൊളോണിയൽ ഭരണത്തിന്റെ ആനുകൂല്യങ്ങളും നവോത്ഥാനം നൽകിയ ഊർജവും കൈമുതലാക്കി ഐക്യകേരളത്തിലെ ഏതാണ്ടെല്ലാ വിഭാഗങ്ങളും ശക്തമായി മുന്നോട്ടു കുതിച്ചപ്പോൾ വിഭവാധികാരത്തിൽ പങ്കു കിട്ടാതെ പോയ ദളിതർക്ക് അത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. മികച്ച പരിശീലനം ലഭിച്ച കരുത്തരോടൊപ്പം ഒരു ദീർഘദൂര ഓട്ടമത്സരത്തിൽ ബൂട്ടില്ലാതെ ഓടേണ്ടി വരുന്ന മത്സരാർത്ഥിയുടെ അവസ്ഥയിലാണ് ദളിതരിന്ന്. പുത്തൻ സാമ്പത്തിക ബന്ധങ്ങളും പ്രവാസത്തിന്റെ അനന്ത സാധ്യതകളും ആഗോളീകരണത്തിന്റെ അവസരങ്ങളും ജനാധിപത്യത്തിലെ സമ്മർദ്ദ രാഷ്ട്രീയ സാധ്യതകളും മുതലെടുത്ത് കേരളത്തിലെ പ്രബല വിഭാഗങ്ങൾ സകല മേഖലകളിലും തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമായി ഉറപ്പിക്കുകയും മറ്റു പിന്നാക്ക വിഭാഗങ്ങൾ ശേഷി വച്ച് പൊരുതി അതിജീവിക്കുകയും ചെയ്യുന്ന വർത്തമാന കേരളത്തിൽ ദളിതരും ദളിതേതരരും തമ്മിലുള്ള ദൂരം അനുനിമിഷം വർദ്ധിക്കുകയാണ്. ഈ വസ്തുതയെ മറച്ചു വച്ച് ഉത്തരേന്ത്യൻ താരതമ്യത്തിലുടെ ഇവിടെയെല്ലാം ഭദ്രമെന്നു വരുത്തുന്ന പതിവ് മലയാളി വാക് വൈഭവങ്ങളുടെ വ്യർത്ഥത വടയമ്പാടി പൊളിച്ചുകാട്ടുന്നു.